ഇല്ലിനോയ് ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറി: ജൂലിയാന സ്ട്രാറ്റണ് വിജയം; രാജ കൃഷ്‌മൂർത്തിക്ക് പരാജയം; ഗവർണർ പ്രിറ്റ്‌സ്‌കറിന്റെ സ്വാധീനം തെളിഞ്ഞു

ഇല്ലിനോയ് ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറി: ജൂലിയാന സ്ട്രാറ്റണ് വിജയം;  രാജ കൃഷ്‌മൂർത്തിക്ക് പരാജയം; ഗവർണർ പ്രിറ്റ്‌സ്‌കറിന്റെ സ്വാധീനം തെളിഞ്ഞു


അമേരിക്കയിലെ ഇല്ലിനോയ് സംസ്ഥാനത്ത് നടന്ന ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൺ വിജയിച്ചു. വിരമിക്കുന്ന സെനറ്റർ ഡിക് ഡർബിന്റെ പിൻഗാമിയായി മത്സരിച്ച തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് സ്ട്രാറ്റൺ മുന്നേറ്റം സ്വന്തമാക്കിയത്.

ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറിന്റെ ശക്തമായ പിന്തുണയോടെയാണ് സ്ട്രാറ്റൺ മത്സരിച്ചത്. തന്റെ ഭരണകാലം മുഴുവൻ സഹപ്രവർത്തകയായ സ്ട്രാറ്റണിനെ 'പോരാളി'യെന്നു വിശേഷിപ്പിച്ച പ്രിറ്റ്‌സ്‌കർ, തുറന്നപിന്തുണ പ്രഖ്യാപിച്ചിരുന്നു. 2028ലെ പ്രസിഡൻഷ്യൽ മത്സരവുമായി ബന്ധപ്പെട്ട് പ്രിറ്റ്‌സ്‌കറിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ പരീക്ഷണമായിട്ടും ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നു.

മൂന്നു പ്രധാന സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു മത്സരം. യുഎസ് പ്രതിനിധിസഭാംഗങ്ങളായ രാജ കൃഷ്ണമൂർത്തിയും റോബിൻ കെല്ലിയും സ്ട്രാറ്റണിന് എതിരാളികളായി രംഗത്തുണ്ടായിരുന്നു. വോട്ടെണ്ണലിൽ സ്ട്രാറ്റൺ ഏകദേശം 40 ശതമാനം പിന്തുണ നേടി വിജയിച്ചതായി പ്രഖ്യാപിച്ചു. കൃഷ്ണമൂർത്തിക്ക് 33 ശതമാനവും കെല്ലിക്ക് 18 ശതമാനവും വോട്ടുകൾ ലഭിച്ചു.

പ്രചാരണകാലത്ത് കുടിയേറ്റ നയമാണ് പ്രധാന ചർച്ചയായത്. അമേരിക്കൻ കുടിയേറ്റകസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി പൂർണമായും പിരിച്ചുവിടണമെന്ന നിലപാടാണ് സ്ട്രാറ്റൺ സ്വീകരിച്ചത്. അതേസമയം, ഡോണൾഡ് ട്രംപിന്റെ കാലത്തെ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നായിരുന്നു കൃഷ്ണമൂർത്തിയുടെ അഭിപ്രായം. ഹോംലാൻഡ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയമിനെതിരെ ഇംപീച്ച്‌മെന്റ് നടപടി കൊണ്ടുവന്നതിലൂടെ കെല്ലിയും ശ്രദ്ധ നേടി.

തിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്‌കറിന്റെ സാമ്പത്തിക പിന്തുണ നിർണായകമായി. ഇല്ലിനോയ് ഫ്യൂച്ചർ പാക് മുഖേന സ്ട്രാറ്റണിന് കോടികൾ ചെലവഴിച്ചപ്പോൾ, കൃഷ്ണമൂർത്തിക്ക് ക്രിപ്‌റ്റോ മേഖലയുടെയും മറ്റു കോർപ്പറേറ്റ് വൃത്തങ്ങളുടെയും പിന്തുണയോടെ അതിലധികം ധനസഹായം ലഭിച്ചു.

അതേസമയം, പ്രിറ്റ്‌സ്‌കറിന്റെ ഇടപെടൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചു. ഒരു ഗവർണർ ഇത്തരത്തിൽ നേരിട്ട് ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു ചില നേതാക്കളുടെ വിമർശനം.

നവംബർ പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോൺ ട്രേസിയെ സ്ട്രാറ്റൺ നേരിടും. ഡെമോക്രാറ്റിക് പാർട്ടിക്ക് ശക്തമായ പിന്തുണയുള്ള ഇല്ലിനോയിയിൽ സ്ട്രാറ്റണിന് മുന്നേറ്റസാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.