ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ സംവരണം: രാഹുല്‍ ഗാന്ധി

ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ സംവരണം: രാഹുല്‍ ഗാന്ധി


രത്ലം: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ സംവരണത്തിനു നിലവിലുള്ള 50 ശതമാനം എന്ന പരിധി ഒഴിവാക്കുമെന്ന് രാഹുല്‍ ഗാന്ധി. ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള ജനങ്ങള്‍ക്ക് മതിയായ സംവരണം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്നും മധ്യ പ്രദേശിലെ രത്ലമില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഭരണഘടനയില്‍ മാറ്റം വരുത്താനും ഇല്ലാതാക്കാനുമാണ് ആര്‍ എസ് എസും ബി ജെ പിയും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അതിനെ സംരക്ഷിക്കാനും ശ്രമിക്കുന്നു. ജലത്തിലും വനത്തിനും ഭൂമിക്കുമുള്ള അവകാശം ജനങ്ങള്‍ക്കു നല്‍കുന്നത് ഈ ഭരണഘടനയാണ്. ഇതെല്ലാം നീക്കി സമ്പൂര്‍ണ അധികാരം പിടിച്ചെടുക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

400 സീറ്റ് എന്ന മുദ്രാവാക്യം ബി ജെ പി ഉയര്‍ത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനാണ്. പക്ഷേ, 400 പോയിട്ട് 150 സീറ്റ് പോലും ബി ജെ പിക്കു കിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

സംവരണം ഇല്ലാതാക്കുമെന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍, ഇന്ത്യ മുന്നണി സംവരണം വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ പ്രഖ്യാപിച്ചു.