ജമ്മു കശ്മീരില്‍ ഒന്നിലധികം അഴിമതികേസുകള്‍ അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഒന്നിലധികം അഴിമതികേസുകള്‍ അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടു


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഒന്നിലധികം റിക്രൂട്ട്മെന്റ് അഴിമതികള്‍ അന്വേഷിക്കുന്നസിബിഐ ഉദ്യോഗസ്ഥന്‍ ജമ്മുവില്‍ അപകടത്തില്‍ മരിച്ചു.
സിബിഐയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള പ്രശാന്ത് ശര്‍മ്മയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മു നഗരത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടയ്ക്കുള്ള രാത്രിയിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടിലേക്കുള്ള യാത്രാമധ്യേ മോട്ടോര്‍ സൈക്കിള്‍ തെന്നി വീണതിനെ തുടര്‍ന്ന് തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം.

ഉദ്യോഗസ്ഥനെ ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പഞ്ചാബിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സബ് ഇന്‍സ്പെക്ടര്‍മാരുടെയും ജൂനിയര്‍ എഞ്ചിനീയര്‍മാരുടെയും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അഴിമതികള്‍ ഉള്‍പ്പെടെ നിരവധി അഴിമതികള്‍ ശര്‍മ്മ അന്വേഷിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ആവശ്യപ്പെട്ടു. ''നിഷ്പക്ഷവും സമയബന്ധിതവും വിശ്വസനീയവുമായ അന്വേഷണമാണ് പിഡിപി ആവശ്യപ്പെടുന്നത്. മരിച്ച ഡിവൈഎസ്പി വളരെ നിര്‍ണായകമായ കേസുകളാണ് അന്വേഷിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ സാഹചര്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടാകാം. മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തോട് ഞങ്ങള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു-മുതിര്‍ന്ന പിഡിപി നേതാവ് നയീം അക്തര്‍ പറഞ്ഞു.
  പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു