മഹാരാഷ്ട്രയിൽ ​മുൻ ഐപിഎസ് ഓഫീസറുടെ നോമിനേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചു

മഹാരാഷ്ട്രയിൽ ​മുൻ ഐപിഎസ് ഓഫീസറുടെ നോമിനേഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചു


പൗരത്വ നിയമ ഭേദഗതി പാർലമെൻറ് പാസാക്കിയതിനെ തുടർന്ന് രാജിവച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അബ്ദുർ റഹ്മാൻറെ നോമിനേഷൻ ആണ് നിരസിച്ചത്

മഹാരാഷ്ട്രയിലെ ധൂലെ​ മണ്ഡലത്തിൽ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മുൻ മഹാരാഷ്ട്ര ഐപിഎസ് ​ഉദ്യോഗസ്ഥൻ അബ്ദുർ റഹ്മാൻ്റെ നാമനിർദ്ദേശ​ പത്രിക സേനയിൽ നിന്നുള്ള രാജി മഹാരാഷ്ട്ര സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന കാരണത്താൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചു.

പൗരത്വ ഭേദഗതി നിയമം (സിഎഎ) രാജ്യസഭ പാസാക്കിയതിനെത്തുടർന്ന് 1997 ബാച്ചിലെ ​ഈ ഐപിഎസ് ഉദ്യോഗസ്ഥൻ 2019ൽ സേനയിൽ നിന്ന് രാജിവച്ചിരുന്നു. 

“ഞാൻ ഇന്നലെ നോമിനേഷൻ സമർപ്പിച്ചു. എനിക്ക് ​ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വൻ പിന്തുണ കണ്ട് ബിജെപിയും കോൺഗ്രസും ഭയന്നിരുന്നു. നാലര വർഷമായി ശമ്പളം കിട്ടിയിട്ടില്ല. ഞാൻ ഒരു സർക്കാർ വകുപ്പിൻ്റെയും ഭാഗമല്ല. ​എന്നിട്ടും എൻ്റെ നാമനിർദ്ദേശ​പത്രിക നിരസിക്കപ്പെട്ടു. ഞാൻ സ്വയം വാദിക്കുകയും രേഖാമൂലമുള്ള നിവേദനം നൽകുകയും ചെയ്തു. എനിക്ക് മുൻകൂട്ടി ടൈപ്പ് ചെയ്ത മൂന്ന് പേജ് ഓർഡർ നൽകി. ഞാൻ അഭിഭാഷകരു​ടെ ഉപദേശം​ തേടുകയാണ്. ഈ തീരുമാനം ഞാൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്യും.”

സംസ്ഥാന ആഭ്യന്തര വകുപ്പ് രാജി സ്വീകരിക്കാത്തതിനെ തുടർന്ന്​ റഹ്‌മാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാൺപൂർ ഐഐടി​യിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥിയായ റഹ്മാൻ രണ്ട് തവണ എംപിയും ബിജെപിയുടെ മുൻ കേന്ദ്രമന്ത്രിയുമായ സുഭാഷ് ഭാംരെയെ ധൂലെയിൽ നേരിടേണ്ടതായിരുന്നു​.