ന്യൂഡല്‍ഹി: 22 ഇന്ത്യക്കാരടക്കം ജീവനക്കാരുമായി സഞ്ചരിച്ച രണ്ട് വാണിജ്യ കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. യെമന്‍ തീരത്തും സോമാലിയ തീരത്തുമാണ് വ്യത്യസ്ത സംഭവങ്ങളിലായി കപ്പലുകള്‍ പിടിച്ചെടുത്തത്. കപ്പലുകളിലെ ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
യെമന്‍ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കല്‍ മൈല്‍ അകലെ ഏദന്‍ കടലിടുക്കിലാണ് എറിത്രിയന്‍ പതാകയുള്ള എണ്ണ ഉല്‍പന്ന ടാങ്കര്‍ എം.ടി. സിബു-1 കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്തത്. 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. ആറു ആയുധധാരികളായ കടല്‍ക്കൊള്ളക്കാര്‍ കപ്പലില്‍ കയറി നിയന്ത്രണം ഏറ്റെടുത്തതായാണ് മുതിര്‍ന്ന ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
സിറിയ, സുഡാന്‍, ഇറാഖ് സ്വദേശികളും ജീവനക്കാരിലുണ്ട്. ഒരാളുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല. കപ്പലിന്റെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയോട് സംഭവ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇ-നാവിക് മാരിടൈം കാഷ്വാലിറ്റി റിപ്പോര്‍ട്ടിങ് സംവിധാനത്തിലൂടെ തുടര്‍വിവരങ്ങള്‍ നല്‍കാനും ഷിപ്പിങ് മന്ത്രാലയം നിര്‍ദേശിച്ചു.
അതേസമയം, ഓഗസ്റ്റ് 17ന് സോമാലിയയിലെ പുന്റ്ലാന്‍ഡ് തീരത്തും സമാനമായ സംഭവം നടന്നു. കാമറൂണ്‍ പതാകയുള്ള എം.വി. ലുതുഫ് എന്ന കപ്പലില്‍ എട്ട് ആയുധധാരികളായ കടല്‍ക്കൊള്ളക്കാര്‍ കയറി നിയന്ത്രണം ഏറ്റെടുത്തു. കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്.
എ.കെ.-47 മാതൃകയിലുള്ള ആയുധങ്ങളുമായി രണ്ട് ചെറിയ ബോട്ടുകളിലായാണ് എട്ട് കടല്‍ക്കൊള്ളക്കാര്‍ കപ്പലിലെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ജീവനക്കാര്‍ ആദ്യം കപ്പലിലെ സുരക്ഷിത മുറിയില്‍ അഭയം തേടിയെങ്കിലും പിന്നീട് കടല്‍ക്കൊള്ളക്കാര്‍ അവിടേക്ക് കടന്ന് ജീവനക്കാരെ ബ്രിഡ്ജിലേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
പുന്റ്ലാന്‍ഡിലെ എയില്‍ ജില്ലയിലെ മാരയ്യയ്ക്ക് സമീപത്തുനിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. പിന്നീട് സോമാലിയയിലെ നൂഗാല്‍ തീരത്തേക്ക് കപ്പല്‍ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. മൊഗാദിഷുവിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന തുര്‍ക്കിഷ് ആയുധങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഉപഗ്രഹ സംവിധാനങ്ങള്‍ എന്നിവ കപ്പലിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഗള്‍ഫ് ഓഫ് ഏഡന്‍, സോമാലിയ, വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര മേഖല എന്നിവിടങ്ങളില്‍ കടല്‍ക്കൊള്ള ഭീഷണി വീണ്ടും ശക്തമാകുന്നതിനിടെയാണ് രണ്ട് സംഭവങ്ങളും.
