ബിജെപിക്ക് നിർണായകമായ 94 ലോക്‌സഭാ മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും

ബിജെപിക്ക് നിർണായകമായ 94 ലോക്‌സഭാ മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും


ന്യൂഡൽഹി: പത്ത്‌ സംസ്ഥാനത്തും രണ്ട്‌ കേന്ദ്രഭരണ പ്രദേശത്തുമായി ഏഴിന്‌ മൂന്നാംഘട്ടമായി വോട്ടെടുപ്പ്‌ നടക്കുന്ന 94 ലോക്‌സഭാ മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഞായർ വൈകിട്ട്‌ സമാപിക്കും.

ഗുജറാത്തിലെ 25 മണ്ഡലത്തിലും ഉത്തർപ്രദേശ്‌, ബംഗാൾ, മഹാരാഷ്‌ട്ര, കർണാടകം, മധ്യപ്രദേശ്‌, ബിഹാർ എന്നിവിടങ്ങളിലെ ഒട്ടേറെ നിർണായക മണ്ഡലങ്ങളിലും ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌. 

മൊത്തം 1351 സ്ഥാനാർഥികൾ. ഗുജറാത്തിലും ഉത്തർപ്രദേശിലും രജപുത്ര സമുദായം ഇടഞ്ഞുനിൽക്കുന്നത്‌, ജെഡിഎസ്‌ എംപിയും സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കും ബംഗാൾ ഗവർണർ സി വി ആനന്ദബോസിനും നേരെ ഉയർന്ന ലൈംഗിക പീഡന പരാതികൾ എന്നിവ ഭരണവിരുദ്ധവികാരത്തിനൊപ്പം ബിജെപിക്ക്‌ തലവേദനയാകുന്നു. തീവ്രവർഗീയ പ്രചാരണം വഴി പ്രതിസന്ധി മറികടക്കാനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ ശ്രമം.

ബംഗാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ മുഹമ്മദ്‌ സലിം മത്സരിക്കുന്ന മുർഷിദാബാദിനു പുറമെ ജാങ്കിപുർ, ഉത്തര മാൾഡ, ദക്ഷിണ മാൾഡ എന്നിവിടങ്ങളും ബൂത്തിലെത്തും. 14 സീറ്റിൽ വോട്ടെടുപ്പ്‌ നടക്കുന്ന കർണാടകത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ (ഹാവേരി), ബി എസ്‌ യദ്യൂരപ്പയുടെ മകൻ രാഘവേന്ദ്ര (ഷിമോഗ), കേന്ദ്രമന്ത്രി പ്രഹ്ലാദ്‌ ജോഷി (ധാർവാഡ്‌) എന്നിവരാണ്‌ പ്രമുഖ സ്ഥാനാർഥികൾ.

എട്ടിടത്ത്‌ പോളിങ്‌ നടക്കുന്ന മധ്യപ്രദേശിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മുൻ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാൻ (വിദിശ), മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌സിങ്‌ (രാജ്‌ഗഢ്‌) എന്നിവർ ജനവിധി തേടുന്നു. മഹാരാഷ്‌ട്രയിൽ എൻസിപി ശക്തികേന്ദ്രങ്ങളായ ബാരാമതി, സാംഗ്ലി, സത്താര, രത്‌നഗിരി–-സിന്ധുദുർഗ്‌, കൊൽഹാപുർ എന്നിവയടക്കം 11 മണ്ഡലത്തിലാണ്‌ വോട്ടെടുപ്പ്‌. പൊരിഞ്ഞ മത്സരം നടക്കുന്ന  ഉത്തർപ്രദേശിലെ 10 പടിഞ്ഞാറൻ മണ്ഡലത്തിലും ബിഹാറിൽ  ഇന്ത്യ കൂട്ടായ്‌മ വൻ മുന്നേറ്റം കൈവരിച്ച ഖഗാരിയ, ആരിയ, ജൻജാർപുർ, സുപൗൽ, മധേപുര മണ്ഡലങ്ങളിലും ഏഴിനാണ്‌ പോളിങ്‌.

അസമിൽ സിപിഐ എം സ്ഥാനാർഥി മനോരഞ്ജൻ താലൂക്ക്‌ദാർ മത്സരിക്കുന്ന ബാർപേട്ടയ്‌ക്കൊപ്പം, കൊക്രജാർ, ദുബ്രി, ഗുവാഹത്തി മണ്ഡലങ്ങളും ചൊവ്വാഴ്ച വിധിയെഴുതും. ഛത്തീസ്‌ഗഢിലെ ഏഴു മണ്ഡലത്തിലും ഉത്തര ഗോവ, ദക്ഷിണ ഗോവ, ദിയു–- ഡാമൻ, ദാദ്രനഗർ ഹാവേലി എന്നിവിടങ്ങളിലും ഈ ഘട്ടത്തിലാണ്‌ വോട്ടെടുപ്പ്‌.

ഇതോടൊപ്പം വോട്ടെടുപ്പ്‌ നടക്കേണ്ടിയിരുന്ന ജമ്മു -കശ്‌മീരിലെ അനന്ത്‌നാഗ്‌–- രജൗരി മണ്ഡലത്തിൽ പോളിങ്‌ മെയ്‌ 25ലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിയുടെ പത്രിക തള്ളുകയും സ്വതന്ത്രർ പിൻവാങ്ങുകയും ചെയ്‌തതോടെ ബിജെപിയുടെ മുകേഷ്‌ ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. ഏപ്രിൽ 26ന്‌ നടക്കേണ്ടിയിരുന്ന പോളിങ്‌  ബിഎസ്‌പി സ്ഥാനാർഥിയുടെ മരണത്തെതുടർന്ന്‌  മാറ്റിയ മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ചൊവ്വാഴ്ച വോട്ടെടുപ്പ്‌ നടക്കും.