ന്യൂഡൽഹി: പേപ്പർ നോട്ടുകൾക്ക് പകരം ദീർഘകാലം ഈടുനിൽക്കുന്ന പ്ലാസ്റ്റിക്/ പോളിമർ കറൻസികൾ പുറത്തിറക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചർച്ചകൾ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി പോളിമര്‍ നോട്ടുകള്‍ വിതരണം ചെയ്യുന്ന പൈലറ്റ് പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിസർവ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. ആദ്യഘട്ടത്തിൽ 10, 20 രൂപയുടെ നോട്ടുകൾ പ്ലാസ്റ്റിക് ആക്കാനാണ് ആലോചിക്കുന്നത്.
നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകൾ വളരെ പെട്ടെന്ന് മുഷിഞ്ഞുപോകുന്നതും നശിക്കുന്നതും കാരണം ആർബിഐയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ നോട്ടുകൾ അച്ചടിക്കുന്നതിനായുള്ള ചിലവ് 5,101.4 കോടി രൂപയിൽ നിന്ന് 6,372.8 കോടി രൂപയായി വർധിച്ചു. കൂടാതെ, കഴിഞ്ഞ വർഷം മാത്രം ഏകദേശം 23.8 ബില്യൺ മുഷിഞ്ഞ നോട്ടുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്നത്. ഇതിൽ ഭൂരിഭാഗവും 500, 100 രൂപ നോട്ടുകളായിരുന്നു.
പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക് നോട്ടുകൾക്ക് ആയുസ്സ് കൂടുതലാണ്. അതുപോലെ തന്നെ പോളിമർ നോട്ടുകൾ നിർമ്മിക്കുന്നതിന് പേപ്പർ നോട്ടുകളേക്കാൾ ചിലവ് കുറവാണ്. ഈ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി എടിഎമ്മുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ആർബിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.
പട്നയിലും മുംബൈയിലും നടന്ന ആർ.ബി.ഐയുടെ അവസാന രണ്ട് ബോർഡ് യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തതായാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു പൈലറ്റ് പ്രോജക്ട് ഉടൻ പ്രഖ്യാപിച്ചേക്കും. നേരത്തെ 2012ൽ യു.പി.എ സർക്കാരിന്റെ കാലത്ത് 10 രൂപയുടെ ഒരു ബില്യൺ പോളിമർ നോട്ടുകൾ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ആ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ; റിസർവ് ബാങ്ക് ചർച്ച തുടങ്ങി
