വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; അതൃപ്തി അറിയിച്ച് ​ഗവർണർ

വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; അതൃപ്തി അറിയിച്ച് ​ഗവർണർ


തിരുവനന്തപുരം: നിയമസഭയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. വന്ദേമാതരം പൂര്‍ണമായി പാടണമായിരുന്നു. ലോക്ഭവന്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്തുകൊണ്ട് മുഴുവനായി പാടിയില്ലെന്ന് സ്പീക്കറോട് ചോദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു. 

ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നാണ് നിയമം. എന്നാല്‍ നിയമസഭയില്‍ വന്ദേമാതരം പാടുകയല്ല, അതിന്റെ സംഗീതമാണ് ആലപിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത തേടും. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ വിശദീകരണം ചോദിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയുടെ നടപടി ലോക്ഭവനോടും ഗവർണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഈ വർഷം 150-ാം വാർഷികം ആഘോഷിക്കുന്ന വന്ദേമാതരമെന്ന ദേശീയ ഗീതത്തെയാണ് നിയമസഭാ മന്ദിരത്തിൽ വെച്ച് അപമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വി.ഡി.സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സി.പി.എമ്മിനും പൂർണ്ണമായി വഴങ്ങുകയാണെന്ന് ഇതിലൂടെ വ്യക്തമായതായും മുരളീധരൻ ആരോപിച്ചു.

അതേസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. മുഴുവനായി ആലപിക്കുക എന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.