മംഗളൂരുവിൽ ഇൻഡിഗോ വിമാനത്തിൻ്റെ അടിഭാഗത്ത് തീപ്പൊരി; പൈലറ്റിൻ്റെ മനഃസാന്നിധ്യത്തിൽ 236 പേർക്ക് പുതുജീവൻ

മംഗളൂരുവിൽ ഇൻഡിഗോ വിമാനത്തിൻ്റെ അടിഭാഗത്ത് തീപ്പൊരി; പൈലറ്റിൻ്റെ മനഃസാന്നിധ്യത്തിൽ 236 പേർക്ക് പുതുജീവൻ


കാസർകോട്: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബെംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ തീപ്പൊരി കണ്ടതിനെത്തുടർന്ന് അടിയന്തരമായി ബ്രേക്ക് പ്രയോഗിച്ച് നിർത്തി. പൈലറ്റിൻ്റെ സമയോചിതമായ ഇടപെടലിനാലാണ് വൻ വിമാന ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും ഏഴ് ജീവനക്കാരും ഉൾപ്പെടെ 236 പേരും പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച വൈകിട്ട് 6.10ഓടെയാണ് യാത്രക്കാരെ മുൾമുനയിലാക്കിയ സംഭവം അരങ്ങേറിയത്. മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് പറക്കാൻ അനുമതി ലഭിച്ച ഇൻഡിഗോ വിമാനം ടേക്ക് ഓഫിനായി റൺവേയിലൂടെ അതിവേഗം മുന്നോട്ടു കുതിക്കുകയായിരുന്നു. വിമാനം ആകാശത്തേക്ക് ഉയരുന്നതിന് വെറും 100 മീറ്റർ മാത്രം ബാക്കിനിൽക്കെ അടിഭാഗത്തുനിന്ന് അസ്വാഭാവികമായി തീപ്പൊരികൾ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. 

അപകടം തിരിച്ചറിഞ്ഞ പൈലറ്റ് ഒട്ടും സമയം കളയാതെ മനഃസാന്നിധ്യം കൈവിടാതെ എമർജൻസി ബ്രേക്കുകൾ പ്രയോഗിച്ച് ടേക്ക് ഓഫ് റദ്ദാക്കി. ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മംഗളൂരുവിലെ ടേബിൾടോപ്പ് റൺവേയിലൂടെ അൽപദൂരം കൂടി മുന്നോട്ടു നീങ്ങിയ ശേഷമാണ് വിമാനത്തിൻ്റെ വേഗത നിയന്ത്രിച്ച് റൺവേയുടെ അറ്റത്തായി സുരക്ഷിതമായി നിർത്താൻ സാധിച്ചത്.

വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ട യാത്രക്കാരിൽ രാഷ്ട്രീയ, നീതിന്യായ രംഗത്തെ പ്രമുഖരും ഉൾപ്പെട്ടിരുന്നു. ദക്ഷിണ കന്നഡ മുൻ എംപി നളിൻ കുമാർ കട്ടീൽ, മഹാദേവപുര എംഎൽഎ മഞ്ജുള എസ് അരവിന്ദ് ലിംബാവലി, ഒരു സിറ്റിങ് ജഡ്‌ജി എന്നിവർ ഈ വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നു. ബെംഗളൂരു വഴി വിദേശ രാജ്യങ്ങളിലേക്കുള്ള കണക്റ്റിങ് വിമാനങ്ങളിൽ പോകേണ്ട നിരവധി പേരും കൂട്ടത്തിലുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ വിമാനം പാർക്കിങ് ബേയിലേക്ക് തിരികെ എത്തിച്ച് മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റി.

തുടർന്ന് ഇൻഡിഗോ എയർലൈനിലെ എൻജിനിയറിങ് വിഭാഗവും സാങ്കേതിക വിദഗ്ധരും വിമാനം റൺവേയിൽനിന്ന് മാറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ടയറുകളിലുണ്ടായ ഘർഷണമോ ബ്രേക്കിങ് സംവിധാനത്തിലെ സാങ്കേതിക തകരാറോ ആകാം തീപ്പൊരിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അടിയന്തരമായി ബ്രേക്ക് പ്രയോഗിച്ചതിനിടെ വിമാനത്തിൻ്റെ ഒരു ടയർ പൊട്ടിയതായും എൻജിൻ ഭാഗത്ത് തകരാർ ശ്രദ്ധയിൽപ്പെട്ടതായും സൂചനയുണ്ട്. 

പ്രാഥമിക പരിശോധനകൾക്കു ശേഷം സുരക്ഷാ കാരണങ്ങളാൽ വിമാനം സർവീസിൽനിന്ന് താത്കാലികമായി മാറ്റിനിർത്തി. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സുരക്ഷാ അനുമതി ലഭിച്ച ശേഷം മാത്രമേ ഇത് വീണ്ടും സർവീസ് നടത്തുകയുള്ളൂ. യാത്രക്കാർക്ക് സമീപത്തെ ഹോട്ടലുകളിൽ താമസസൗകര്യം ഉൾപ്പെടെയുള്ള സഹായങ്ങൾ വിമാനത്താവള അധികൃതരും എയർലൈൻ ജീവനക്കാരും ചേർന്ന് ഒരുക്കിയിരുന്നു. 

ബെംഗളൂരുവിലേക്ക് പോകേണ്ടവർക്കായി എയർലൈൻ അധികൃതർ രാത്രിയോടെ പ്രത്യേക വിമാനം എത്തിച്ച് ബദൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി. രാത്രി 11.05ഓടെ മംഗളൂരുവിലെത്തിയ പകരം വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്. സംഭവത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധയുണ്ടായിരുന്നെങ്കിൽ വലിയൊരു ദുരന്തമായി മാറുമായിരുന്ന സാഹചര്യത്തെയാണ് പൈലറ്റിൻ്റെ കൃത്യമായ തീരുമാനത്തിലൂടെ മറികടന്നത്.