വാഷിങ്ടണ്‍ : അമേരിക്കയിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനം നവീകരിക്കുന്നതിനും വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 50 ബില്യണ്‍ ഡോളര്‍ (ഏകദേശം 4.5 ലക്ഷം കോടി രൂപ) അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി. കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവന്ന സാഹചര്യത്തിലാണ് നേരത്തേ ആവശ്യപ്പെട്ടിരുന്ന 30 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിച്ച് 50 ബില്യണ്‍ ഡോളറിന്റെ പുതിയ നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നതിന് വ്യക്തമായ ചെലവുവിവരങ്ങളോ കൃത്യമായ പദ്ധതിയോ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) വ്യോമഗതാഗത നിയന്ത്രണ സംവിധാനം ആധുനികവത്കരിക്കുന്നതിന് 2025ല്‍ ഗതാഗത വകുപ്പ് 20 ബില്യണ്‍ ഡോളര്‍ അധികമായി വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഇതിനു പുറമെ കോണ്‍ഗ്രസ് അനുവദിച്ച 12.5 ബില്യണ്‍ ഡോളറും ഉള്‍പ്പെടുത്തി 2028ഓടെ ആശയവിനിമയ സംവിധാനങ്ങളും സാങ്കേതികവിദ്യയും പൂര്‍ണമായി നവീകരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ 2026 സെപ്റ്റംബറില്‍ എഫ്എഎ അഡ്മിനിസ്ട്രേറ്റര്‍ ബ്രയാന്‍ ബെഡ്ഫോര്‍ഡ് നടത്തിയ പ്രസ്താവനയില്‍ ഏകദേശം 10 ബില്യണ്‍ ഡോളര്‍ കൂടി മതിയാകുമെന്നാണ് വ്യക്തമാക്കിയത്. ഇതിനു പിന്നാലെ ഡഫി അധികമായി 30 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനു പിന്നാലെയാണ് ആവശ്യം 50 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയത്.
വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്റെ നവീകരണം ചെലവേറിയ പദ്ധതിയാണെന്നും ആവശ്യമായ നിക്ഷേപം ഇപ്പോള്‍ത്തന്നെ നടത്തണമെന്നുമാണ് ഡഫിയുടെ നിലപാട്. പഴയ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക, കൂടുതല്‍ വിശ്വാസ്യതയുള്ള ഡിജിറ്റല്‍ ആശയവിനിമയ സംവിധാനം സ്ഥാപിക്കുക, പുതിയ വ്യോമഗതാഗത നിയന്ത്രണ സംവിധാനം വികസിപ്പിക്കുക, വിമാനത്താവളങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്നിവയ്ക്കാണ് അധിക തുക വിനിയോഗിക്കുകയെന്നാണ് വിശദീകരണം. എന്നാല്‍ 50 ബില്യണ്‍ ഡോളറിന്റെ ചെലവ് എങ്ങനെയായിരിക്കുമെന്ന വിശദമായ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യുണൈറ്റഡ് എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് കിര്‍ബി അധിക നിക്ഷേപത്തിനുള്ള ആവശ്യത്തെ പിന്തുണച്ചു. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും വ്യോമഗതാഗത നിയന്ത്രണ സംവിധാനം അടിയന്തരമായി നവീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. എഫ്എഎയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും സാങ്കേതിക സംവിധാനങ്ങള്‍ ആധുനികവത്കരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഡഫിയുടെ പുതിയ ആവശ്യത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തി. നേരത്തേ അനുവദിച്ച 12.5 ബില്യണ്‍ ഡോളര്‍ പൂര്‍ണമായി വിനിയോഗിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നതിന് വിശദീകരണം നല്‍കണമെന്ന് സെനറ്റര്‍ ജോണ്‍ ഹോവന് ആവശ്യപ്പെട്ടു. ചെലവഴിക്കുന്ന ഓരോ തുകയ്ക്കും കൃത്യമായ ഉത്തരവാദിത്വവും പരിശോധനയും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' നിയമപ്രകാരം 2025 ജൂലൈയില്‍ കോണ്‍ഗ്രസ് വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിനായി 12.5 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇതില്‍ 4.75 ബില്യണ്‍ ഡോളര്‍ ടെലികമ്യൂണിക്കേഷന്‍ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും സിസ്റ്റം അപ്ഗ്രേഡുകള്ക്കുമായി മാറ്റിവച്ചിരുന്നു. എന്നാല്‍ അനുവദിച്ച തുകയുടെ വിനിയോഗത്തിന് കോണ്‍ഗ്രസ് കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആവശ്യമായ മേഖലകളിലേക്ക് പണം മാറ്റാന്‍ നിയമപരമായ സൗകര്യമില്ലെന്നാണ് ഗതാഗത വകുപ്പിന്റെ വാദം. റഡാര്‍, റേഡിയോ, കണ്ട്രോള് ടവര്‍ തുടങ്ങിയവയുടെ നവീകരണത്തിന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും പുതിയ ടെലികമ്യൂണിക്കേഷന്‍ സംവിധാനവും വ്യോമഗതാഗതം നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറും വികസിപ്പിക്കാന്‍ ആവശ്യമായ തുക ലഭിച്ചിട്ടില്ലെന്ന് ഡഫി പറയുന്നു.
എന്നാല്‍ അനുവദിച്ച തുകയില്‍ വലിയൊരു ഭാഗം ഇനിയും ചെലവഴിച്ചിട്ടില്ലെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ ത്യൂണ്‍ ചൂണ്ടിക്കാട്ടി. തുകയുടെ വിനിയോഗം സംബന്ധിച്ച് ഗതാഗത വകുപ്പ് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ല്‍ പ്രസിഡന്റ് ജോ ബൈഡന് ഒപ്പുവച്ച നാലുവര്‍ഷത്തെ 105.5 ബില്യണ്‍ ഡോളറിന്റെ എഫ്എഎ പുനഃസംഘടനാ നിയമവും 2021ലെ അടിസ്ഥാന സൗകര്യ വികസന നിയമവും വഴി വ്യോമഗതാഗത മേഖലയ്ക്ക് നേരത്തേ വലിയ തുക അനുവദിച്ചിട്ടുണ്ടെന്നും ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. 2021ലെ നിയമത്തില്‍ എഫ്എഎയ്ക്കായി 25 ബില്യണ്‍ ഡോളര്‍ വകയിരുത്തിയിരുന്നു. ഇതില്‍ അഞ്ചു ബില്യണ്‍ ഡോളര്‍ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിനായും ഉപയോഗിക്കാനായിരുന്നു തീരുമാനം.
ഡഫിയുടെ ആവശ്യത്തില്‍ വ്യക്തതയില്ലെന്നും ചെലവുകളുടെ കണക്കും ഉത്തരവാദിത്വവും വ്യക്തമാക്കണമെന്നും ജനപ്രതിനിധി റോസ ഡെലോറോ ആവശ്യപ്പെട്ടു. നേരത്തേ അനുവദിച്ച കോടിക്കണക്കിന് ഡോളര്‍ ഫലപ്രദമായി വിനിയോഗിക്കാത്ത സാഹചര്യത്തില്‍ പുതിയ തുക അനുവദിക്കുന്നത് കോണ്‍ഗ്രസിന്റെ കര്‍ശന മേല്‍നോട്ടത്തിലായിരിക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം, ട്രംപ് ഭരണകൂടം 2027 സാമ്പത്തിക വര്‍ഷത്തേക്കായി സമര്‍പ്പിച്ച ബജറ്റില്‍ എഫ്എഎയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മുന്‍വര്‍ഷത്തേക്കാള്‍ 481 ദശലക്ഷം ഡോളര്‍ അധികമായി മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനു പുറമെ 12.5 ബില്യണ്‍ ഡോളറിനൊപ്പം ഉപയോഗിക്കുന്നതിനായി നാല് ബില്യണ്‍ ഡോളര്‍ കൂടി വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്റെ നവീകരണത്തിനായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗതാഗത സെക്രട്ടറി ആവശ്യപ്പെടുന്ന 50 ബില്യണ്‍ ഡോളറിന് തുല്യമായ തുക വൈറ്റ് ഹൗസിന്റെ ബജറ്റ് നിര്‍ദേശത്തിലില്ല.
വര്‍ഷാവസാനത്തോടെ സഭാ സമ്മേളനം അവസാനിക്കാനിരിക്കെ അധിക ഫണ്ട് അനുവദിക്കുന്നതും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബജറ്റ് പാസാക്കുന്നതും കോണ്‍ഗ്രസിന് വെല്ലുവിളിയാകും. ഡിസംബര്‍ 12ന് നിലവിലെ താല്‍ക്കാലിക സര്‍ക്കാര്‍ ഫണ്ടിങ് കാലാവധി അവസാനിക്കാനിരിക്കുകയാണ്. അതിനുമുമ്പ് അധിക തുക ഉള്‍പ്പെടുത്തി പുതിയ ധനവിനിയോഗ ബില്‍ പാസാക്കുകയോ പ്രത്യേക ബില്‍ കൊണ്ടുവരികയോ ചെയ്യേണ്ടിവരും. 50 ബില്യണ്‍ ഡോളര്‍ വരെയുള്ള ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്സണ് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ജനപ്രതിനിധിസഭയുടെ ഗതാഗതഅടിസ്ഥാന സൗകര്യ സമിതി അംഗങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ച് വിശദീകരണം നല്‍കും.
വിമാനഗതാഗത സംവിധാനം നവീകരിക്കാന്‍ 50,000 കോടി ഡോളര്‍ വേണം; കോണ്‍ഗ്രസിനോട് അധിക ഫണ്ട് ആവശ്യപ്പെട്ട് യുഎസ് ഗതാഗത സെക്രട്ടറി
