വാഷിംഗ്ടണ്‍: അമേരിക്കയുടെ അതിനൂതന കമ്പ്യൂട്ടിങ് ചിപ്പുകളും സെര്‍വറുകളും വിദേശത്തിരുന്ന് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ നിര്‍മിത ചിപ്പുകള്‍ ഉപയോഗിച്ച് അതിനൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
പുതിയ ചട്ടപ്രകാരം വിദേശ രാജ്യങ്ങളിലെ ഡേറ്റാ സെന്ററുകളില്‍നിന്ന് കമ്പ്യൂട്ടിങ് ശേഷി വാടകയ്ക്കെടുക്കുന്ന ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. 90 ദിവസത്തിനകം ചട്ടം പ്രാബല്യത്തില്‍ വരും.
എന്‍വിഡിയയുടെ അതിനൂതന ചിപ്പുകള്‍ നേരിട്ട് വാങ്ങുന്നതിന് ചൈനയ്ക്ക് നിലവില്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തെക്കുകിഴക്കന്‍ ഏഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഡേറ്റാ സെന്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള ചിപ്പുകളുടെ കമ്പ്യൂട്ടിങ് ശേഷി വാടകയ്ക്കെടുത്ത് ചൈനീസ് കമ്പനികള്‍ എഐ മോഡലുകള്‍ പരിശീലിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന് തടയിടുകയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.
പുതിയ ചട്ടപ്രകാരം വിദേശ ഡേറ്റാ സെന്ററുകള്‍ ഉപഭോക്താക്കളുടെ വിവരങ്ങളും പശ്ചാത്തലവും വിശദമായി പരിശോധിക്കണം. ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആസ്ഥാനമുള്ള കമ്പനികള്‍ക്ക് വലിയ തോതില്‍ കമ്പ്യൂട്ടിങ് ശേഷി ലഭ്യമാക്കുന്നതിനും നിയന്ത്രണമുണ്ടാകും.
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ആസ്ഥാനമുള്ള കമ്പനികള്‍ക്ക് അതിനൂതന ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിനും ഇനി പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാകും. ഈ രാജ്യങ്ങള്‍ വഴി ചിപ്പുകള്‍ നിയന്ത്രണങ്ങള്‍ മറികടന്ന് ചൈനയിലെത്താനുള്ള സാധ്യത കൂടുതലാണെന്നാണ് അമേരിക്കന്‍ അധികൃതരുടെ വിലയിരുത്തല്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ചൈനയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡ് ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് പുതിയ നീക്കം. എന്‍വിഡിയ സഹസ്ഥാപകനായ ജെന്‍സന്‍ ഹുവാങ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് രാജിവെച്ചതായും ചൈനീസ് എക്‌സിക്യൂട്ടീവുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതായും വാര്‍ത്തയില്‍ പറയുന്നു.
എന്‍വിഡിയയുടെ ഉപഭോക്താവായ മെഗാസ്പീഡ് ഇന്റര്‍നാഷണല്‍ വഴി അതിനൂതന ചിപ്പുകള്‍ ചൈനയിലേക്ക് അനധികൃതമായി എത്തുന്നുണ്ടെന്ന സംശയം അമേരിക്കന്‍ അധികൃതര്‍ ഉന്നയിച്ചിരുന്നു. കമ്പനിയിലെ എക്‌സിക്യൂട്ടീവായ ആലിസ് ഹുവാങ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയാകാമെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സംശയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മെഗാസ്പീഡിന്റെ തെക്കുകിഴക്കന്‍ ഏഷ്യന്‍ ഡേറ്റാ സെന്ററുകളിലാണ് ചിപ്പുകള്‍ സ്ഥാപിച്ചിരുന്നത്. മലേഷ്യയിലെയും മറ്റ് രാജ്യങ്ങളിലെയും കേന്ദ്രങ്ങള്‍ വഴി ചൈനീസ് കമ്പനികള്‍ക്ക് കമ്പ്യൂട്ടിങ് ശേഷി ലഭ്യമാക്കിയിരുന്നതായും ആരോപണമുണ്ട്.
മെഗാസ്പീഡിന്റെ ചിപ്പ് വാങ്ങലുകള്‍ നിയന്ത്രിക്കുന്നതില്‍ വാണിജ്യവകുപ്പ് പരാജയപ്പെട്ടുവെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കുറ്റപ്പെടുത്തിയിരുന്നു.
ട്രഷറി വകുപ്പിന്റെയും ദേശീയ സുരക്ഷാ കൗണ്‍സിലിന്റെയും നിര്‍ദേശപ്രകാരമാണ് പുതിയ ചട്ടങ്ങള്‍ തയ്യാറാക്കിയതെന്ന് വാണിജ്യവകുപ്പ് അറിയിച്ചു. അമേരിക്കന്‍ നിര്‍മിത അതിനൂതന എഐ ചിപ്പുകളിലേക്കുള്ള ചൈനയുടെ പ്രവേശനം കൂടുതല്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന നിലപാടാണ് ഇരു വിഭാഗങ്ങളും സ്വീകരിച്ചിരിക്കുന്നത്.
