ന്യൂയോര്‍ക്ക്: അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തന സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിങ്കളാഴ്ച നിരവധി വിമാനങ്ങളുടെ പുറപ്പെടല്‍ വൈകി. കമ്പനിയുടെ പ്രവര്‍ത്തന സംവിധാനങ്ങളിലുണ്ടായ തകരാര്‍ താല്‍ക്കാലികമായി വിമാന സര്‍വീസുകളെ ബാധിച്ചെങ്കിലും പിന്നീട് പരിഹരിച്ചതായി യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു.
പൈലറ്റുമാരുടെ ആശയവിനിമയ സംവിധാനങ്ങളും സന്ദേശ കൈമാറ്റ സംവിധാനങ്ങളും ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളെയാണ് തകരാര്‍ ബാധിച്ചതെന്ന് പൈലറ്റുമാരുടെ സംഘടനയായ എയര്‍ ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. പുറപ്പെടാനിരിക്കുന്ന വിമാനങ്ങളുടെ അന്തിമ ഭാരം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കമ്പനിയുടെ സംവിധാനത്തെയും തകരാര്‍ ബാധിച്ചതായി സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നതിന് നിലവില്‍ സൂചനകളൊന്നുമില്ലെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. ചില വിമാനങ്ങളുടെ പുറപ്പെടല്‍ വൈകിയെങ്കിലും യാത്ര ആരംഭിച്ച വിമാനങ്ങളെയോ യുണൈറ്റഡ് എക്‌സ്പ്രസ് സര്‍വീസുകളെയോ തകരാര്‍ ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാജ്യവ്യാപക വിമാന സര്‍വീസ് നിയന്ത്രണത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും നിരവധി സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി അവസാനിക്കാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് എയര്‍ലൈന്‍സിലെ പുതിയ സാങ്കേതിക തകരാര്‍. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് അമേരിക്കയില്‍ 340ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും 5,000ത്തിലധികം വിമാനങ്ങള്‍ വൈകുകയും ചെയ്തതായി വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ നല്‍കുന്ന ഫ്‌ലൈറ്റ് അവെയര്‍ റിപ്പോര്‍ട്ട് ചെയ്തു.
യുണൈറ്റഡ് എയര്‍ലൈന്‍സില്‍ സാങ്കേതിക തകരാര്‍; പുറപ്പെടേണ്ട വിമാനങ്ങള്‍ വൈകി
