ഇന്ത്യയിലെ യുഎസ് യാത്രക്കാര്‍ക്കാര്‍ക്കായി 250,000 അധിക വീസ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കും-യുഎസ് എംബസി

ഇന്ത്യയിലെ യുഎസ് യാത്രക്കാര്‍ക്കാര്‍ക്കായി 250,000 അധിക വീസ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കും-യുഎസ് എംബസി


ന്യൂഡല്‍ഹി: ഇന്ത്യയിലെ യുഎസ് യാത്രക്കാര്‍ക്കാര്‍ക്കായി 250,000 അധിക വീസ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുമെന്ന് ന്യൂഡല്‍ഹിയിലെ യുഎസ് കോണ്‍സുലേറ്റ് അറിയിച്ചു. വിനോദസഞ്ചാരികള്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ യാത്രക്കാരുടെ വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ചാണ് കൂടുതല്‍ വിസകള്‍ നല്‍കുന്നതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

ഇന്ത്യ-അമേരിക്ക ബന്ധം ഉഷ്മളമാക്കുന്നതിന്റെ ഭാഗമായുള്ള നടപടി ഇന്ത്യക്കാരുടെ യുഎസിലേക്കുള്ള യാത്രകള്‍ സുഗമമാക്കുമെന്നും പുതിയ സ്ലോട്ടുകള്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ അപേക്ഷകരെ സമയബന്ധിതമായി അഭിമുഖം നടത്താന്‍ സഹായിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

2024- ല്‍ ഇതുവരെ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുള്ളത്. 2023 ലെ ഇതേ കാലയളവിലെ യാത്രക്കാരെക്കാള്‍ 35 ശതമാനം വര്‍ദ്ധനവാണ് 2024 ല്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് ആറ് ദശലക്ഷം ഇന്ത്യക്കാര്‍ക്കെങ്കിലും യുഎസ് സന്ദര്‍ശനത്തിനായി കുടിയേറ്റേതര വിസ അനുവദിച്ചിട്ടുണ്ടെന്ന് യുഎസ് കോണ്‍സുലേറ്റ് ചൂണ്ടിക്കാട്ടി.

വിസ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ക്രിയാത്മകമായ നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി ഈയിടെ പ്രസ്താവിച്ചിരുന്നു. വിസാ സംബന്ധിച്ചുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ എംബസിയിലെയും മറ്റ് കോണ്‍സുലേറ്റുകളിലെയും ഉദ്യോഗസ്ഥര്‍ തടസമില്ലാതെ പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.