അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സ്ഥിരീകരിച്ച് ക്യൂബ; സാമ്പത്തിക കരാറില്‍ പ്രതീക്ഷ

അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സ്ഥിരീകരിച്ച് ക്യൂബ; സാമ്പത്തിക കരാറില്‍ പ്രതീക്ഷ


ഹവാന: ക്യൂബയും യു എസും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനെല്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി നടക്കുന്ന ഈ ചര്‍ച്ചകള്‍ ഭാവിയില്‍ ചരിത്രപരമായ സാമ്പത്തിക കരാറിലേക്ക് നയിക്കാമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നുവെന്നാണ് വിലയിരുത്തല്‍.

ദേശീയ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഡയാസ് കാനല്‍ ഇത് അറിയിച്ചത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കയുടെ എണ്ണ ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി ക്യൂബയില്‍ ഇന്ധനം എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് ഈ ചര്‍ച്ചകളുടെ ലക്ഷ്യമെന്നാണ് ഡയാസ് കാനല്‍ പറഞ്ഞത്.

എന്നാല്‍ ഇതുവരെ വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

ക്യൂബന്‍ നേതാവിന്റെ ഈ പരസ്യ പ്രസ്താവന 1961ല്‍ നടന്ന സാമ്പത്തിക ദേശീയവല്‍ക്കരണത്തിന് ശേഷമുള്ള രാജ്യത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക തുറക്കലിലേക്ക് നയിക്കാമെന്നാണ് വിലയിരുത്തല്‍. 

ഈ സാഹചര്യത്തില്‍, അമേരിക്കന്‍ പൗരന്മാര്‍ക്ക് ക്യൂബയിലേക്ക് യാത്ര ചെയ്യാനും ബിസിനസ് നടത്താനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാമെന്ന സാധ്യതയും ഉയരുന്നുണ്ട്.

മിഗ്വല്‍ ഡയസ് കാനലിനെ മുന്‍ ക്യൂബന്‍ നേതാവായ റൗള്‍ കാസ്‌ട്രോയാണ് തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനാണ് റൗള്‍ കാസ്‌ട്രോ. 

റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തോടും ഭരണസംവിധാനങ്ങളുടെ അംഗീകാരത്തോടും കൂടിയാണ് അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ഡയസ് കാനല്‍ പറഞ്ഞു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും റൗള്‍ കാസ്‌ട്രോയുടെ കൊച്ചുമകനായ റൗള്‍ ഗ്വില്ലെര്‍നോ റോഡ്രിഗസ് കാസ്‌ട്രോയുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകളില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ലെങ്കിലും നിഷേധിച്ചിട്ടില്ല.

കൂടാതെ, വത്തിക്കാന്റെ മധ്യസ്ഥതയില്‍ നടന്ന ധാരണയുടെ ഭാഗമായി ക്യൂബയിലെ ജയിലുകളില്‍ നിന്ന് 51 പേരെ ഉടന്‍ മോചിപ്പിക്കുമെന്ന് ഡയസ് കാനല്‍ അറിയിച്ചു. ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.

മോചിതരാകുന്നവരില്‍ പ്രമുഖ രാഷ്ട്രീയ തടവുകാര്‍ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. മനുഷ്യാവകാശ സംഘടനയായ പ്രിസണേഴ്‌സ് ഡിഫന്റേഴ്‌സ് പ്രകാരം ഇപ്പോള്‍ ക്യൂബന്‍ ജയിലുകളില്‍ ഏകദേശം 1,214 രാഷ്ട്രീയ തടവുകാര്‍ ഉണ്ടെന്നാണ് കണക്ക്.

ഡൊണള്‍ഡ് ട്രംപ് സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ വരുത്താന്‍ സമ്മര്‍ദത്തിലാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് ക്യൂബ. വെനിസ്വേല, ഇറാന്‍ എന്നിവയ്‌ക്കൊപ്പം ട്രംപ് സമ്മര്‍ദം ചെലുത്തിയ മൂന്നാമത്തെ രാജ്യമാണ് ക്യൂബ.

എണ്ണ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ക്യൂബയില്‍ കടുത്ത ഇന്ധന ക്ഷാമവും പല പ്രദേശങ്ങളിലും വൈദ്യുതി മുടക്കവും തുടരുകയാണ്.