നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 60 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 60 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി


കൊച്ചി: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ്. റെയ്ഡ് ഇനിയും അവസാനിച്ചിട്ടില്ലെന്നും സംഭവത്തില്‍ നടന്‍ സൗബിനെ വിളിപ്പിച്ച് വിശദീകരണം തേടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് പറവ ഫിലിം ഹൗസിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സൗബിന്റെ പിതാവ് ബാബു ഷാഹിറിന്റെ ഉടമസ്ഥതയിലുള്ളഥാണ് പറവ ഫിലിംസ്.

സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാല്‍ 44 കോടി രൂപ ആദായനികുതി ഇനത്തില്‍ നല്‍കേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. അതേസമയം, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തത് സഹായി ഷോണ്‍ ആണെന്നാണ് സൗബിന്റെ വിശദീകരണം.  

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തിയാണ് ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും റെയ്ഡ് നടന്നത്. പരിശോധനയില്‍ പറവ ഫിലിംസ് യഥാര്‍ഥ വരുമാന കണക്കുകള്‍ നല്‍കിയില്ലെന്ന് ഐടി വൃത്തങ്ങള്‍ പറയുന്നു. പണം വന്ന ഉറവിടം അടക്കം പരിശോധിക്കുമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.