സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു


തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. അര്‍ബുദ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവാണ് ആദ്യചിത്രം. 

1994-ല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ക്ലിന്റ്, സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വം മീര എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ഭാര്യ: ചന്ദ്രിക. മക്കള്‍: അമ്മു, ഗീതാഞ്ജലി. പിതാവ്: രാമകൃഷ്ണപിള്ള, മാതാവ്: അമ്മുക്കുട്ടിയമ്മ. 

കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്മായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാ പ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.