കൊച്ചി: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്. ഈ മാസം 29ന് ഹാജരാകണം. കേസുമായി ബന്ധപ്പെട്ട് ഇഡി വീണ വിജയനെ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ജൂൺ 17 ന് കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ച് ഒൻപത് മണിക്കൂറിലധികം നേരം വീണയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ജൂൺ 19 ന് തിരുവനന്തപുരത്തുള്ള വീണയുടെ ബാങ്ക് ലോക്കറുകളിൽ ഇഡി ഉദ്യോഗസ്ഥർ വിശദമായ പരിശോധനയും നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും വീണ മുൻപ് നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിഗമനത്തിലേക്ക് ഇഡി എത്തിയത്.
അതേസമയം, പരിശോധനകളില്‍ എസ്.എഫ്.ഐ.ഒ രേഖകൾ ഇനിയും ഇഡിയ്ക്ക് ലഭിച്ചില്ല. കോടതി അനുവദിച്ച 10 ദിവസത്തെ സമയം കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു അവസാന തീയതി. രേഖകൾക്കായി എസ്.എഫ്.ഐ.ഒ അന്വേഷണ സംഘവുമായി ഇഡി ചർച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്. രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിന്റെ തീയതി തീരുമാനിക്കൂ എന്നായിരുന്നു റിപ്പോർട്ടുകൾ.
വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള ഐടി സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷൻസിന് സി.എം.ആർ.എൽ കമ്പനി യാതൊരുവിധ സേവനങ്ങളും ലഭ്യമാക്കാതെ 2.78 കോടി രൂപ നൽകി എന്നാണ് ഇഡിയുടെ പ്രധാന കണ്ടെത്തൽ. കൂടാതെ സി.എം.ആർ.എൽ മാനേജിങ് ഡയറക്‌ടർ ശശിധരൻ കർത്തയുടെ നേത്യത്വത്തിലുള്ള മറ്റൊരു കമ്പനിയായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് , ക്യത്യസമയത്ത് തിരിച്ചടവ് നടത്താതിരുന്നിട്ടും എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്‌പ അനുവദിച്ചതായും ഇഡി ചൂണ്ടിക്കാണിക്കുന്നു. ഈ ഇടപാടുകളിലൂടെ ഇരുവരും കള്ളപ്പണം ഉണ്ടാക്കിയെന്നാണ് കേന്ദ്ര ഏജൻസിയുടെ ആരോപണം.
കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) 2025 ഏപ്രിലിൽ എറണാകുളം കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്‌ഡിൽ 130 കോടിയോളം രൂപയുടെ വ്യാജ ചെലവുകൾ ഉൾപ്പെടെയുള്ള വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മറ്റ് നാല് പ്രതികളുടെ മൊഴികളും ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.
മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇ.ഡി സമൻസ്; ഈ മാസം 29ന് ഹാജരാകണം
