ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ കേന്ദ്രം നീക്കി. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതി പുനഃസംഘടിപ്പിച്ചപ്പോഴാണ് നടപടി. കേരള പ്രതിനിധി ടി.കെ. ശിവരാജനെയാണ് മാറ്റിയത്. പകരം ഉത്തർപ്രദേശ് സ്വദേശി എം.എൽ ശർമയെ കേരളാ പ്രതിനിധിയായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനായിരുന്നു കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് മുല്ലപ്പെരിയാർ പരിശോധനയ്ക്കായി അതോറിറ്റി ആദ്യ സമിതിക്ക് രൂപം നൽകിയത്. ബൽരാജ് ജോഷിയാണ് ചെയർമാൻ, ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ. ശിവകുമാർ എന്നിവരാണ് മറ്റംഗങ്ങൾ. അംഗങ്ങളുടെ മാറ്റം ഒഴികെ, ജനുവരി 6-ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പുകൾ കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറി. ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പ്രൊഫ. എം.എൽ. ശർമ്മ.
മുല്ലപ്പെരിയാറിൽ കേന്ദ്രത്തിന്റെ പണി; വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി, പകരം യു.പി സ്വദേശി
