അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരില്‍ മലയാളിയും


പത്തനംതിട്ട: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയുമുണ്ടെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട സ്വദേശി രഞ്ജിത ഗോപകുമാരന്‍ നായരാണ് (40) മരിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവല്ല പുല്ലാട്ട് സ്വദേശിയാണ് രഞ്ജിത.

ലണ്ടനിലെ നഴ്സായ രഞ്ജിത മൂന്ന് ദിവസത്തെ അവധിക്ക് നാട്ടില്‍ എത്തി മടങ്ങുകയായിരുന്നു. നാട്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് വന്നത്. 

ഇന്നലെയാണ് ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി രഞ്ജിത വീട്ടില്‍ നിന്നും പോയത്. ഇവര്‍ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതര്‍ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. ആദ്യം പരിക്കേറ്റതായാണ് വിവരം ലഭിച്ചത്. പിന്നീടാണ് മരണവിവരം സ്ഥിരീകരിച്ചത്.

ഇന്നലെ തിരുവല്ലയില്‍ നിന്നും ട്രെയിനില്‍ ചെന്നൈയിലേക്കും അവിടെ നിന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിലും സഞ്ചരിച്ചു. 

രഞ്ജിതയുടെ അമ്മയും പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. നാട്ടില്‍ ജോലി ലഭിച്ചതിനാല്‍ ലണ്ടനിലെ ജോലി രാജിവെച്ച് നാട്ടില്‍ കുടുംബത്തോടൊപ്പം താമിസിക്കാനുള്ള തീരുമാനത്തിലായിരുന്നു.