മമ്മൂട്ടിയുടെ ആദ്യ പ്രതിഫലമായി 500 രൂപ കൈമാറിയത് ശ്രീനിവാസന്‍; ശ്രീനിയുടെ വിവാഹത്തിന് താലി വാങ്ങാന്‍ സഹായിച്ചത് മമ്മൂട്ടി; സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദം

മമ്മൂട്ടിയുടെ ആദ്യ പ്രതിഫലമായി 500 രൂപ കൈമാറിയത് ശ്രീനിവാസന്‍; ശ്രീനിയുടെ വിവാഹത്തിന് താലി വാങ്ങാന്‍ സഹായിച്ചത് മമ്മൂട്ടി; സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദം


കൊച്ചി: സിനിമയ്ക്ക് അപ്പുറത്തും ആഴമുള്ള ആത്മബന്ധമാണ് മമ്മൂട്ടിയുമായി ശ്രീനിവാസന് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളും സിനിമാനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എം. മോഹനന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ബാര്‍ബര്‍ ബാലനും അശോക് കുമാറും തമ്മിലുള്ള ആത്മബന്ധം, മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദത്തെ ആധാരമാക്കിയാണെന്ന് തിരക്കഥാകൃത്തായ ശ്രീനിവാസന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. 


മമ്മൂട്ടി അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത് 1980ല്‍ റിലീസ് ചെയ്ത മേളയായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയെക്കാള്‍ പ്രാധാന്യമുള്ള വേഷം അവതരിപ്പിച്ചത് ശ്രീനിവാസനായിരുന്നു; മേളയില്‍ മമ്മൂട്ടി എത്തിയത് ഒരു ബൈക്ക് റൈഡറുടെ ചെറുവേഷത്തിലൂടെയായിരുന്നു. ചിത്രത്തിലേക്ക് മമ്മൂട്ടിയുടെ പേര് നിര്‍ദേശിച്ചതും പ്രതിഫലം നല്‍കിയതും ശ്രീനിവാസനാണെന്നത് ഏറെ ശ്രദ്ധേയമാണ്-മമ്മൂട്ടിക്ക് ലഭിച്ച ആദ്യത്തെ ഉയര്‍ന്ന പ്രതിഫലമെന്ന നിലയില്‍ അത് ഓര്‍മ്മിക്കപ്പെടുന്നു. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാനെത്തുമ്പോഴേക്കും ശ്രീനിവാസന്‍ മലയാള സിനിമയിലെ ശ്രദ്ധേയനായ താരമായി മാറിക്കഴിഞ്ഞിരുന്നു. തന്റെ വിവാഹസമയത്ത് താലിമാല വാങ്ങാന്‍ പണം തന്നത് മമ്മൂട്ടിയാണെന്ന് ശ്രീനിവാസന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്; അതിനോട് രസകരമായി മമ്മൂട്ടി പ്രതികരിച്ചതും ഓര്‍മ്മകളില്‍ നിറയുന്നു'എനിക്ക് ആദ്യം പൈസ തരുന്നത് പുള്ളിയാണ്. മേളയില്‍ അഭിനയിച്ചതിന് 500 രൂപയുടെ ചെക്ക് ഏല്‍പ്പിച്ചത് ശ്രീനിവാസനാണ്. അപ്പോള്‍ പുള്ളി എവിടുന്ന് പൈസ വാങ്ങിക്കാനാ' എന്നാണ് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 
അതിനു മുമ്പ് അഭിനയിച്ച വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ക്ക് 50 രൂപ മാത്രമാണ് ലഭിച്ചതെന്ന് ശ്രീനിവാസന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. 


മേളയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതും ശ്രീനിവാസനായിരുന്നു. തുടര്‍ന്ന് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, 1982ലെ വിധിച്ചതും കൊതിച്ചതും, 1983ലെ ഒരു മാടപ്രാവിന്റെ കഥ എന്നീ ചിത്രങ്ങളിലുമെല്ലാം മമ്മൂട്ടിക്ക് ശബ്ദമായി മാറിയത് ശ്രീനിവാസനായിരുന്നു-സിനിമയും സൗഹൃദവും ഒരുപോലെ ചേര്‍ന്നുനിന്ന അപൂര്‍വബന്ധത്തിന്റെ തെളിവായി.