ഭിക്ഷാടനം ആരോപണം: 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി; പാക് പൗരന്മാര്‍ക്ക് ഗള്‍ഫില്‍ കടുത്ത പരിശോധന

ഭിക്ഷാടനം ആരോപണം: 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി; പാക് പൗരന്മാര്‍ക്ക് ഗള്‍ഫില്‍ കടുത്ത പരിശോധന


റിയാദ്/ഇസ്ലാമാബാദ്: വിദേശരാജ്യങ്ങളിലെ സംഘടിത ഭിക്ഷാടനവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകുന്നുവെന്ന ആശങ്ക ഉയരുന്നതിനിടെ, പാകിസ്ഥാന്‍ പൗരന്മാര്‍ക്കെതിരേ സൗദി അറേബ്യയും യുഎഇയും പരിശോധന കര്‍ശനമാക്കി. 
ഈ വര്‍ഷം മാത്രം ഭിക്ഷാടനം നടത്തിയെന്ന ആരോപണത്തില്‍ 24,000 പാകിസ്ഥാനികളെ സൗദി അറേബ്യ നാടുകടത്തിയതായി പാക് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം, യുഎഇയില്‍ എത്തുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ ചിലര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം പാകിസ്ഥാനികള്‍ക്കുള്ള വിസ നിയന്ത്രണങ്ങളും കടുപ്പിച്ചിട്ടുണ്ട്. 
പാകിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (FIA) പുറത്തുവിട്ട കണക്കുകള്‍ പ്രശ്‌നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്; 2025ല്‍ മാത്രം സംഘടിത ഭിക്ഷാടന ശൃംഖലകള്‍ തകര്‍ക്കാനും അനധികൃത കുടിയേറ്റം തടയാനുമായി 66,154 യാത്രക്കാരെ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയച്ചുവെന്ന് രേഖകള്‍ പറയുന്നു. എകഅ ഡയറക്ടര്‍ ജനറല്‍ റിഫത്ത് മുഖ്താര്‍, ഇത്തരം ശൃംഖലകള്‍ പാകിസ്ഥാന്റെ പ്രതിഷ്ഠയ്ക്ക് ഗുരുതരമായ ക്ഷതമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളിലേക്കു മാത്രമല്ല, ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള യാത്രകളിലും, കംബോഡിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗത്തിലും സമാന പ്രവണതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യ 24,000 പാകിസ്ഥാനികളെ നാടുകടത്തിയതിനു പുറമേ ദുബൈയില്‍ നിന്ന് ഏകദേശം 6,000 പേരെയും അസര്‍ബൈജാന്‍ ഏകദേശം 2,500 പാകിസ്ഥാന്‍ ഭിക്ഷാടകരെയും തിരിച്ചയച്ചതായി മുഖ്താര്‍ അറിയിച്ചു. വിഷയം കഴിഞ്ഞവര്‍ഷം തന്നെ സൗദി ഭരണകൂടത്തിന്റെ കടുത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. 2024ല്‍ ഉംറ വിസകള്‍ ദുരുപയോഗം ചെയ്ത് മക്കയിലേക്കും മദീനയിലേക്കും ഭിക്ഷയ്ക്കായി എത്തുന്നത് തടയണമെന്ന് റിയാദ് ഔദ്യോഗികമായി ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു പ്രവണത നിയന്ത്രിക്കപ്പെടില്ലെങ്കില്‍ പാകിസ്ഥാന്‍ ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പ്രതികൂല ഫലങ്ങള്‍ ഉണ്ടാകുമെന്ന് സൗദി മതകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതുമുണ്ട്. പാകിസ്ഥാനിലെ നിയമവിദഗ്ധരും വിഷയത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ചിട്ടുണ്ട്. ഡോണ്‍ പത്രത്തില്‍ കഴിഞ്ഞവര്‍ഷം എഴുതിയ അഭിഭാഷക റാഫിയ സക്കറിയ, ഭിക്ഷാടനം ദാരിദ്ര്യത്തിന്റെ ഫലമെന്നതിലുപരി അത്യന്തം ക്രമബദ്ധമായ ഒരു വ്യവസായമാണെന്ന് വിലയിരുത്തി.

 'പാകിസ്ഥാനില്‍ അതീവസംഘടിതമായും വിജയകരമായും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളില്‍ ഒന്നാണ് ഭിക്ഷാടനം; ഇപ്പോള്‍ അത് മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്' എന്നായിരുന്നു അവരുടെ നിരീക്ഷണം. ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലും വിശുദ്ധ സ്ഥലങ്ങള്‍ക്ക് പുറത്ത് വിദേശ തീര്‍ത്ഥാടകരെ ശല്യം ചെയ്ത് പണം ചോദിക്കുന്നതും ഇവരുടെ പതിവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തലത്തിലും സമാന ആശങ്കകളാണ് ഉയരുന്നത്; 2024ല്‍ വിദേശ പാകിസ്ഥാന്‍കാര്യ സെക്രട്ടറി സീഷാന്‍ ഖന്‍സാദ, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പിടിക്കപ്പെടുന്ന ഭിക്ഷാടകരില്‍ 90 ശതമാനവും പാകിസ്ഥാനികളാണെന്ന് കണക്കാക്കിയിരുന്നു.