റിവോള്‍വറും എയര്‍ പിസ്റ്റളും എട്ട് ലക്ഷത്തിലേറെ രൂപയുമായി ഒരാള്‍ അറസ്റ്റില്‍

റിവോള്‍വറും എയര്‍ പിസ്റ്റളും എട്ട് ലക്ഷത്തിലേറെ രൂപയുമായി ഒരാള്‍ അറസ്റ്റില്‍


കൊച്ചി: പൊലീസും ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാഞ്ഞാലിയിലെ വീട്ടില്‍ നിന്നും രണ്ട് റിവോള്‍വറും രണ്ട് എയര്‍ പിസ്റ്റളും എട്ട് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ മാഞ്ഞാലി കൊച്ചു കുന്നുംപുറം വലിയ വീട്ടില്‍ റിയാസ് (38)നെ ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 

എ ടി എസ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുപ്പതോളം തിരകളും കത്തികളും കണ്ടെടുത്തു. മാവിന്‍ ചുവട് മുബാറക്ക് വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ്. 

വൈകിയും ഇയാളുടെ വീട്ടില്‍ പരിശോധന തുടരുകയാണ്. വിദഗ്ദര്‍ അന്വേഷണ സംഘത്തിലുണ്ട്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.