ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തിനെയും ഭരണസമിതിയെയും പ്രതികളാക്കി എസ്ഐടി റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തിനെയും ഭരണസമിതിയെയും പ്രതികളാക്കി എസ്ഐടി റിപ്പോർട്ട്


തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്ഐടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 2019ൽ സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക പാളികളിൽ അളവ് കുറച്ച് സ്വർണ്ണം പൂശിയത് മറച്ചുവയ്ക്കാൻ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ദേവസ്വം ചട്ടങ്ങൾ ലംഘിച്ച് ദ്വാരപാലക പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് സ്പോൺസറും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വർഷങ്ങൾ നീണ്ട കൃത്യമായ പദ്ധതിയിലൂടെയാണെന്നും എസ്ഐടി പറയുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പി.എസ് പ്രശാന്ത്, സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബോർഡ് മുൻ അംഗം അഡ്വ എ അജികുമാര്‍, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കമാണ് പ്രതികളാകുന്നത്. 1998ൽ സ്വ‌ർണ്ണം കൊണ്ട് പൊതിഞ്ഞ ദ്വാരപാലക പാളികൾ, 2019ൽ നിറം മങ്ങിയെന്ന കാരണം കണ്ടെത്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ കൊണ്ടുപോയി സ്വർണ്ണം പൂശുന്നു. സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലകരെന്നത് ചെമ്പ് പ്ലേറ്റുകളെന്ന് രേഖപ്പെടുത്തിയാണ് ദേവസ്വം ഉദ്യോഗസ്ഥർ അനുമതി സംഘടിപ്പിച്ചത്.

സ്വർണ്ണപ്പാളി എന്നത് ഒഴിവാക്കി നേർത്ത പാളിയിൽ സ്വ‌ർണ്ണം പൂശി തിരികെ കൊണ്ടുവരുന്നു. ബാക്കിവന്ന സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ കവർന്നു. 40 വർഷത്തെ വാറന്റിയുണ്ടെന്ന സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി. എന്നാൽ 2023ഓടെ സ്വർണ്ണം നിറം മങ്ങി. ചെമ്പ് പുറത്തുവന്നു. ഈ കൊള്ള മറച്ചുവെക്കാൻ 2023 മുതൽ ഭരണസമിതിയുടെ അറിവോടെ ഗൂഢാലോചന തുടങ്ങി. സ്വർണ്ണം അപഹരിച്ചതായി അറിഞ്ഞിട്ടും  പി.എസ് പ്രശാന്ത് അദ്ധ്യക്ഷനായ ഭരണസമിതി ഇത് മറച്ചുവെച്ചു.  2025ൽ ദേവസ്വം മാനുവൽ ലംഘിച്ച് ഹൈക്കോടതിയുടെയോ സ്പെഷൽ കമ്മീഷണറോ അറിയാതെ ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് ദ്വാരപാലക പാളികൾ കടത്തികൊണ്ട് പോയി.