അമേരിക്കയിൽ വെടിവയ്പ്പ് ദുരന്തം; രണ്ടുവയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രതിക്കായി തിരച്ചിൽ

അമേരിക്കയിൽ വെടിവയ്പ്പ് ദുരന്തം; രണ്ടുവയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രതിക്കായി തിരച്ചിൽ


മിസിസിപ്പി:  അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്ത് നടന്ന വെടിവയ്പ്പിൽ രണ്ടുവയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് യുവതികളും ഒരു കുഞ്ഞുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

ശനിയാഴ്ച രാത്രി 10.10ഓടെ ജാക്‌സൺ നഗരത്തിലെ ക്വീൻ അലക്‌സാണ്ട്രിയ ലെയ്ൻ പ്രദേശത്ത് ആക്രമണമുണ്ടായതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടതെന്ന് ജാക്‌സൺ പൊലീസ് മേധാവി റാഷൽ ബ്രാക്ക്‌നി പറഞ്ഞു.

26 വയസും 20 വയസും പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ടുവയസ്സുള്ള കുട്ടിയും വെടിയുണ്ടകളേറ്റ നിലയിൽ മരിച്ചുകിടക്കുകയായിരുന്നു. മൂന്നുപേർക്കും ഒന്നിലധികം വെടിയേറ്റതായി പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ചുവപ്പ് നിറത്തിലുള്ള മിത്സുബിഷി മിറാഷ് കാർ പൊലീസ് തിരയുകയാണെന്ന് ആദ്യം അറിയിച്ചിരുന്നു. വാഹനവുമായി കടന്നപോയ വ്യക്തി ആയുധധാരിയാണെന്നും ഈ കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

പിന്നീട് വാഹനം നോർത്ത് ജാക്‌സൺ പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും പ്രതി അതിലുണ്ടായിരുന്നില്ല.

നഗരത്തിൽ തോക്കുപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് ജാക്‌സൺ മേയർ ജോൺ ഹോൺ അറിയിച്ചു. നിരപരാധികൾക്കെതിരായ അക്രമം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കുറ്റവാളികളെ കണ്ടെത്താൻ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.