വെനസ്വേല ഭൂകമ്പം: തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണസംഖ്യ 1,450 ആയി ഉയര്‍ന്നു

വെനസ്വേല ഭൂകമ്പം: തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണസംഖ്യ 1,450 ആയി ഉയര്‍ന്നു


കരാക്കാസ്: ശക്തമായ രണ്ട് ഭൂകമ്പങ്ങളെ തുടര്‍ന്ന് തകര്‍ന്ന വെനസ്വേലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിട കാണാതായ ആയിരക്കണക്കിന് ആളുകളെ കണ്ടെത്താനുള്ള പ്രതീക്ഷ കുറയുന്നതായി രക്ഷാസേന അറിയിച്ചു.

കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം 33 പേരെ അവശിഷ്ടങ്ങളില്‍ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയതായി താത്ക്കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. അതില്‍ രണ്ട് 11 വയസ്സുകാരായ കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍ ആയിരക്കണക്കിന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 

വെനസ്വേലയില്‍ 39 സെക്കന്‍ഡിനുള്ളില്‍ ഉണ്ടായ രണ്ട് ഭൂമി കുലുക്കങ്ങള്‍ ഏകദേശം 800 കെട്ടിടങ്ങളാണ് തകര്‍ത്തത്. ഇതുവരെ കുറഞ്ഞത് 1,450 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇത് വെനസ്വേലയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതിദുരന്തമാണെന്ന് പ്രസിഡന്റ് റോഡ്രിഗസ് പറഞ്ഞു.

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ബന്ധുക്കളും നാട്ടുകാരും കൈകൊണ്ടും ലളിതമായ ഉപകരണങ്ങളുമായി ശ്രമം തുടരുകയാണ്. ചില പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളുടെ ശബ്ദം കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും കനത്ത കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കാന്‍ ആവശ്യമായ യന്ത്രസാമഗ്രികള്‍ ലഭ്യമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ദുരന്തങ്ങള്‍ക്ക് ശേഷം ആദ്യ 48 മുതല്‍ 72 മണിക്കൂര്‍ വരെ ജീവന്‍ രക്ഷയ്ക്കായി നിര്‍ണായകമാണെന്ന് രക്ഷാസേനകള്‍ പറയുന്നു. എന്നാല്‍ ആ സമയം കടന്നുപോയിട്ടും രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ ആളുകളെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍ തിരച്ചില്‍ തുടരുകയാണ്.

ഐക്യരാഷ്ട്രസഭാ പ്രതിനിധി ജിയാന്‍ലൂക്ക റാംപോള പറഞ്ഞതുപ്രകാരം ഇപ്പോഴും ജീവനോടെ ആളുകളെ കണ്ടെത്താന്‍ സാധ്യതയുണ്ടെങ്കിലും സമയം വളരെ പരിമിതമാണ്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 11 വയസ്സുകാരനായ മോയിസെസ് എന്ന കുട്ടിയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ഏകദേശം 3 മീറ്റര്‍ ആഴത്തില്‍ കുടുങ്ങിയിരുന്ന കുട്ടിയെ കണ്ടെത്താന്‍ രക്ഷാസേനയ്ക്ക് ആറു മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനം ആവശ്യമായി.

മറ്റൊരു 11 വയസ്സുകാരനെയും കാറബല്ലേദ മേഖലയില്‍ നിന്ന് പിന്നീട് രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ അതേ സ്ഥലത്ത് നിരവധി മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫ്രാന്‍സും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ രക്ഷാസംഘങ്ങള്‍ ചേര്‍ന്ന് ഒരു പിതാവിനെയും മകനെയും അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി.

ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച ലാ ഗൈ്വറ മേഖലയില്‍ ഇപ്പോഴും നിരവധി കെട്ടിടങ്ങള്‍ പരിശോധിക്കാനുണ്ടെന്ന് രക്ഷാസേന അറിയിച്ചു. ആവശ്യമായ ജീവനക്കാരുടെ കുറവാണ് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാകുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ചില പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡുകള്‍ അടച്ചതും പ്രവേശന നിയന്ത്രണങ്ങളും സഹായം എത്തുന്നതില്‍ വൈകിപ്പിച്ചുവെന്ന് അവര്‍ പറയുന്നു.

വ്യാപക നാശനഷ്ടത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ കാറുകളിലും താത്ക്കാലിക ക്യാമ്പുകളിലും അഭയം തേടിയിരിക്കുകയാണ്. കാറബല്ലേദയിലെ ഗോള്‍ഫ് കോഴ്‌സ് ഇപ്പോള്‍ താല്‍ക്കാലിക ആശുപത്രിയുടെയും സഹായകേന്ദ്രത്തിന്റെയും രൂപം സ്വീകരിച്ചിരിക്കുകയാണ്.

മേഖലയിലേക്ക് മെക്‌സിക്കോ, സ്‌പെയിന്‍, ഖത്തര്‍, അമേരിക്ക, യു കെ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാസംഘങ്ങള്‍ എത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഏകദേശം 39 അന്താരാഷ്ട്ര രക്ഷാസംഘങ്ങള്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.