ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ പാതകളില്‍ ഇറാന്റെ പുതിയ മുന്നറിയിപ്പ്; ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുമെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ പാതകളില്‍ ഇറാന്റെ പുതിയ മുന്നറിയിപ്പ്; ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുമെന്ന് സൂചന


തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതത്തിന് പുതിയ വഴികള്‍ സ്വീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.  സമാധാന കരാര്‍ ഔദ്യോഗികമായി നിലവില്‍ വന്നിട്ടുണ്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷങ്ങള്‍ വീണ്ടും ഉയര്‍ന്നതോടെയാണ് പുതിയ പ്രസ്താവന.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രിലില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും മേഖലയില്‍ സംഘര്‍ഷാവസ്ഥ പൂര്‍ണ്ണമായും ശമിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ- വാതക ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കാണ് ഈ സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവായി തുടരുന്നത്.

കടലിടുക്കിലൂടെ ഒമാന്‍ തീരത്തെ പിന്തുടര്‍ന്ന് പുതിയ ട്രാന്‍സിറ്റ് റൂട്ട് ആരംഭിച്ചതായി ഒമാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര സമുദ്ര സംഘടനയുമായി സഹകരിച്ചാണ് ഈ സംവിധാനം രൂപീകരിച്ചതെന്ന് മസ്‌കത്ത് അറിയിച്ചു.

എന്നാല്‍ ഈ നീക്കം പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി.

ഇറാന്‍ നിലവില്‍ നടപ്പിലാക്കുന്ന ക്രമീകരണങ്ങളെ ഒഴിവാക്കി പുതിയ സംവിധാനം സ്വീകരിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമവും ഹോര്‍മുസ് കടലിടുക്കിന്റെ തുറക്കല്‍ വൈകിപ്പിക്കുകയും സംഘര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി പറഞ്ഞു.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ കടലിടുക്കിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നത് തുടരുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കപ്പലുകള്‍ക്ക് മുമ്പത്തെക്കാള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകളും വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനിലെ 10 സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി അറിയിച്ചു. വാണിജ്യ കപ്പലുകള്‍ക്കെതിരായ തുടര്‍ച്ചയായ ഇറാനിയന്‍ ആക്രമണങ്ങള്‍ എന്നാരോപിച്ചായിരുന്നു ഈ നടപടി.

ഇതിന് മറുപടിയായി ഇറാന്‍ കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ ഈ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. എന്നാല്‍ ഈ ഏറ്റുമുട്ടലുകള്‍ വലിയ തോതിലുള്ള ജീവഹാനിക്ക് കാരണമായതായി റിപ്പോര്‍ട്ട് ഉണ്ടായിട്ടില്ല.