'ഇരു പക്ഷങ്ങളും താത്ക്കാലികമായി സംഘര്‍ഷം നിര്‍ത്തും'; ഇറാന്‍- അമേരിക്ക ചര്‍ച്ചകള്‍ തുടരുമെന്ന് യു എസ്

'ഇരു പക്ഷങ്ങളും താത്ക്കാലികമായി സംഘര്‍ഷം നിര്‍ത്തും'; ഇറാന്‍- അമേരിക്ക ചര്‍ച്ചകള്‍ തുടരുമെന്ന് യു എസ്


വാഷിങ്ടണ്‍/ ദോഹ: സമീപകാല സൈനിക ഏറ്റുമുട്ടലുകള്‍ ഉണ്ടായെങ്കിലും മധ്യപൂര്‍വദേശത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള സാങ്കേതികതല ചര്‍ച്ചകള്‍ തുടരുമെന്ന് അമേരിക്ക അറിയിച്ചു. പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടും ഇരുപക്ഷവും താത്ക്കാലികമായി ആക്രമണങ്ങളില്‍ നിന്ന് പിന്മാറാന്‍ ധാരണയായതായി യു എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ധാരണ പ്രകാരമുള്ള എല്ലാ വിഷയങ്ങളിലും സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നും നിലവില്‍ ഇരുപക്ഷവും ആക്രമണങ്ങളില്‍ നിന്ന് പിന്മാറുമെന്നും ഹോര്‍മുസ് കടലിടുക്കിലും അതിന്റെ പരിസര പ്രദേശങ്ങളിലും കപ്പലുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകുമെന്നും യു എസ് ഉദ്യോഗസ്ഥന്‍ എ എഫ് പിയോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ നടക്കുന്ന അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സങ്ങളില്ലാതെ തുടരാന്‍ ഇപ്പോള്‍ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മേഖലയിലെ ഊര്‍ജ്ജവിതരണത്തിന് നിര്‍ണായകമായ ഈ കടലിടുക്കില്‍ സംഘര്‍ഷം കുറയുന്നത് ആഗോള വിപണിക്ക് ആശ്വാസകരമാണ്.

യു എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ജൂണ്‍ 30 ചൊവ്വാഴ്ച ഖത്തറിലെ ദോഹയില്‍ വീണ്ടും ആരംഭിക്കാനാണ് സാധ്യത.

ഇതോടെ, സമീപകാല ആക്രമണങ്ങള്‍ക്കിടയിലും ഇറാന്‍- അമേരിക്ക ബന്ധം പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലെന്നും നയതന്ത്ര ചര്‍ച്ചകള്‍ വഴി സംഘര്‍ഷം നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നുവെന്നും വ്യക്തമാകുന്നു.