വാഷിങ്ടണില്‍ പ്രമുഖ ഗോള്‍ഫ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ട്രംപിന്റെ ഗോള്‍ഫ് കോഴ്സ് നവീകരണം

വാഷിങ്ടണില്‍ പ്രമുഖ ഗോള്‍ഫ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ട് ട്രംപിന്റെ ഗോള്‍ഫ് കോഴ്സ് നവീകരണം


വാഷിങ്ടണ്‍: നഗരത്തിലെ ഈസ്റ്റ് പൊട്ടോമാക് ഗോള്‍ഫ് ലിങ്ക്‌സ് നവീകരണ പദ്ധതി പൂര്‍ത്തിയായാല്‍ യു എസ് ഓപ്പണ്‍, റൈഡര്‍ കപ്പ്, പി ജി എ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ലോകോത്തര ഗോള്‍ഫ് ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഈ കോഴ്സിന് സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. വാഷിങ്ടണ്‍ മേഖലയിലെ വിവിധ നിര്‍മാണ പദ്ധതികള്‍ സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

ഇന്റീരിയര്‍ സെക്രട്ടറി ഡഗ് ബര്‍ഗം, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍, പ്രശസ്ത ഗോള്‍ഫ് കോഴ്സ് ഡിസൈനര്‍ ടോം ഫാസിയോ, മകന്‍ ഗാവിന്‍ ഫാസിയോ എന്നിവര്‍ക്കൊപ്പമാണ് ട്രംപ് ഗോള്‍ഫ് കോഴ്സ് സന്ദര്‍ശിച്ചത്.

എന്നാല്‍ ഈ നവീകരണ പദ്ധതിക്കെതിരെ യു എസ് ജില്ലാ കോടതിയില്‍ കേസ് നിലവിലുണ്ട്. കൂടാതെ, പ്രധാന അന്താരാഷ്ട്ര ഗോള്‍ഫ് ടൂര്‍ണമെന്റുകളുടെ വേദികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ നിശ്ചയിക്കപ്പെടുന്നതിനാല്‍ ഈ കോഴ്സിന് എപ്പോള്‍ വലിയ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കഴിയുമെന്നത് വ്യക്തമല്ല. യു എസ് ഓപ്പണിന്റെ വേദികള്‍ 2051 വരെയും പി ജി എ ചാമ്പ്യന്‍ഷിപ്പിന്റെ വേദികള്‍ 2035 വരെയും ഇതിനകം നിശ്ചയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോള്‍ഫ് കോഴ്സിലെ പുല്ലിന്റെയും ജലസേചന സംവിധാനത്തിന്റെയും മോശം അവസ്ഥയെ ട്രംപ് വിമര്‍ശിച്ചു. അതേസമയം, വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിങ് പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങള്‍ ഈ പ്രദേശത്ത് നിക്ഷേപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം നാഷണല്‍ പാര്‍ക്ക് സര്‍വീസ് നടത്തിയ പരിശോധനയില്‍ ഈ അവശിഷ്ടങ്ങളില്‍ ലെഡ്, ക്രോമിയം തുടങ്ങിയ വിഷലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

സെപ്റ്റംബര്‍ ഒന്നിന് ഗോള്‍ഫ് കോഴ്സിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തുള്ള ലഫായറ്റ് പാര്‍ക്കിലെ നവീകരണ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി. കൂടാതെ, ഭാവിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 'ട്രയംഫല്‍ ആര്‍ച്ച്' സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലവും പ്രസിഡന്റ് സന്ദര്‍ശിച്ചു.

ഇതിനിടെ, വാഷിങ്ടണ്‍ മേയര്‍ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ച ജാനീസ് ലൂയിസ് ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ട്രംപ് അവരെ 'കമ്യൂണിസ്റ്റ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ലൂയിസ് ജോര്‍ജ്, നഗരവാസികളുടെ താത്പര്യം മുന്‍നിര്‍ത്തി പ്രസിഡന്റുള്‍പ്പെടെ എല്ലാവരുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി. എന്നാല്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രാദേശിക ഭരണസംവിധാനത്തിന്റെ അധികാരത്തെ ബാധിക്കുന്ന ആവശ്യങ്ങള്‍ ഭരണകൂടം മുന്നോട്ടുവച്ചാല്‍ അതിന് വഴങ്ങില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.