ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സൈനിക നടപടികൾക്കിടെയുണ്ടായ ഷെൽ അവശിഷ്ടങ്ങൾ തട്ടി ഒരു ഖത്തർ പൗരൻ കൊല്ലപ്പെട്ടു എന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വഞ്ചിയിൽ യാത്ര ചെയ്തിരുന്ന രണ്ടപേരെ ശനിയാഴ്ച മുതൽ കാണാതായതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് വഞ്ചി കണ്ടെത്തിയത്. ഇതിൽ ഒരാൾ മരിച്ചതായും മറ്റൊരാൾക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
സംഭവം നടന്ന കൃത്യമായ സ്ഥലം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയതായി റിപ്പോർട്ടുകളിലുള്ള ഡ്രോൺ ആക്രമണങ്ങളുമായി ഈ സംഭവം ബന്ധപ്പെട്ടതാണോ എന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
കാണാതായവരെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ നടത്തിയ ശേഷമാണ് വഞ്ചി കണ്ടെത്തിയതെന്നും സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൈനിക നീക്കങ്ങൾക്കിടെ ഖത്തർ പൗരൻ കൊല്ലപ്പെട്ടു; വഞ്ചിയിൽ നിന്ന് കാണാതായ രണ്ടുപേരിൽ ഒരാൾ പരിക്കേറ്റ നിലയിൽ
