അമേരിക്കയെ ഒരുമിപ്പിക്കാൻ ഇരുകക്ഷി സഹകരണം അനിവാര്യം; സെനറ്റർമാർ

അമേരിക്കയെ ഒരുമിപ്പിക്കാൻ ഇരുകക്ഷി സഹകരണം അനിവാര്യം; സെനറ്റർമാർ


വാഷിങ്ടൺ: അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തിന് മന്നോടിയായി രാഷ്ട്രീയ ഭിന്നത മറന്ന് രാജ്യതാൽപര്യത്തിനായി ഇരുകക്ഷികളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാർ ആഹ്വാനം ചെയ്തു.

ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലിയും റിപ്പബ്ലിക്കൻ സെനറ്റർ ടോഡ് യങ്ങും സംയുക്ത അഭിമുഖത്തിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്നറിയാമെങ്കിലും രാജ്യത്തിന് ഗുണകരമായ തീരുമാനങ്ങൾ എടുക്കാൻ നേതാക്കൾക്ക് ധൈര്യമുണ്ടാകണമെന്ന് മാർക്ക് കെല്ലി പറഞ്ഞു.

മുൻ നാവികസേന ഉദ്യോഗസ്ഥനായ ടോഡ് യങും ഇതേ അഭിപ്രായം പങ്കുവെച്ചു. സൈനിക സേവനത്തിൽ ആവശ്യമായ ധൈര്യം പോലെ തന്നെ രാഷ്ട്രീയത്തിലും ജനപ്രിയമല്ലാത്ത തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നേതാക്കളെ തിരഞ്ഞെടുക്കുന്നത് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയാനല്ല, മറിച്ച് രാജ്യത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ സമുദ്രാധിപത്യത്തെ നേരിടാൻ അമേരിക്കയുടെ കപ്പൽനിർമാണ, വാണിജ്യ സമുദ്ര മേഖലകൾ ശക്തിപ്പെടുത്തുന്ന നിയമനിർമാണത്തിൽ കെല്ലിയും യങ്ങും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, മാർക്ക് കെല്ലിക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യദ്രോഹ ആരോപണം ഉന്നയിച്ച സംഭവവും അഭിമുഖത്തിൽ ചർച്ചയായി. പരസ്പര വിശ്വാസമാണ് രാഷ്ട്രീയ ഭിന്നതകൾക്കിടയിലും ഒരുമിച്ച് പ്രവർത്തിക്കാൻ സഹായിക്കുന്നതെന്ന് യങ് പറഞ്ഞു. ട്രംപിനെതിരെ പൊതുവേദിയിൽ പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ വിഷയത്തിലും പ്രതികരിക്കുന്നതിലുപരി ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ നടപ്പാക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് അദ്ദേഹം മറുപടി നൽകി.

രാജ്യം ഇപ്പോൾ കടുത്ത രാഷ്ട്രീയ ഭിന്നതയിലാണെന്ന് ചൂണ്ടിക്കാട്ടിയ മാർക്ക് കെല്ലി, ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുപകരം കൂടുതൽ വിഭജിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും വിമർശിച്ചു.

എന്നാൽ, അമേരിക്കയുടെ ഭാവി, നേതാക്കളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനങ്ങൾ മികച്ച നേതാക്കളെ തിരഞ്ഞെടുക്കുകയും കൂടുതൽ ഉത്തരവാദിത്തം ആവശ്യപ്പെടുകയും വേണമെന്നും ടോഡ് യങ് അഭിപ്രായപ്പെട്ടു.