യൂറോപ്പിൽ റെക്കോർഡ് ചൂട്; ഫ്രാൻസിൽ ആയിരത്തിലേറെ അധികമരണങ്ങൾ, വൈദ്യുതിഗതാഗത സംവിധാനങ്ങൾ താറുമാറായി

യൂറോപ്പിൽ റെക്കോർഡ് ചൂട്; ഫ്രാൻസിൽ ആയിരത്തിലേറെ അധികമരണങ്ങൾ, വൈദ്യുതിഗതാഗത സംവിധാനങ്ങൾ താറുമാറായി


പാരിസ്: ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗം യൂറോപ്പിനെ പിടിമുറുക്കിയതോടെ ഫ്രാൻസിൽ മാത്രം 1,000ത്തിലധികം അധികമരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി. മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരാണ്.

ജൂൺ 20 മുതൽ തുടരുന്ന ഉഷ്ണതരംഗം യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കടുത്തതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിലെത്തി. അതേസമയം, ഫ്രാൻസ് ഉൾപ്പെടെ ചില മേഖലകളിൽ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം അതിതീവ്ര ചൂടിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യനിർമിത ആഗോളതാപനമില്ലായിരുന്നെങ്കിൽ ഈ ഉഷ്ണതരംഗം സംഭവിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്നും അവർ വ്യക്തമാക്കി.

അതിശക്തമായ ചൂട് വൈദ്യുതി ഉൽപാദനത്തെയും ഗതാഗതത്തെയും കാർഷിക മേഖലയെയും സാരമായി ബാധിച്ചു. ജർമനിയിൽ ട്രെയിൻ, ട്രാം സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഹംഗറിയിലെ പാക്‌സ് ആണവനിലയം ഡാന്യൂബ് നദിയിലെ ജലത്തിന്റെ ഉയർന്ന താപനില കാരണം വൈദ്യുതി ഉൽപാദനം കുറച്ചു.

ഇറ്റലിയിലെ പോ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ കടൽവെള്ളം 18 കിലോമീറ്റർ വരെ ഉൾനാടൻ പ്രദേശങ്ങളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ഇത് കാർഷിക മേഖലയ്ക്കും തണ്ണീർത്തടങ്ങൾക്കും ഭീഷണിയായിട്ടുണ്ട്.

ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, 150 ദശലക്ഷത്തിലധികം ആളുകൾ അതിതീവ്ര ചൂടിന്റെ ദുരിതം അനുഭവിക്കുന്നതായി പറഞ്ഞു. നൂറുകണക്കിന് പേർ മരിക്കുകയും സ്‌കൂളുകൾ അടയ്ക്കുകയും വൈദ്യുതി ശൃംഖലകൾ തകരാറിലാകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

ഫ്രാൻസിൽ ചൂട് ചില മേഖലകളിൽ കുറഞ്ഞെങ്കിലും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ചൂടിന്റെ ആരോഗ്യപ്രത്യാഘാതങ്ങൾ കാലാവസ്ഥ മെച്ചപ്പെട്ട ശേഷവും ദിവസങ്ങളോളം തുടരാനിടയുണ്ടെന്ന് ആരോഗ്യമന്ത്രി സ്റ്റഫാനി റിസ്റ്റ് അറിയിച്ചു.