ഒട്ടാവ: ലോകത്ത് പ്രകൃതിദത്തമായി കുടിയേറ്റം നടത്തുന്ന ഏക കാട്ടു ഹൂപ്പിങ് ക്രെയിന്‍ പക്ഷിസംഘത്തിന്റെ പ്രജനനകേന്ദ്രത്തിന് സമീപമുണ്ടായ കാട്ടുതീ ശാസ്ത്രലോകത്തിന് പുതിയ പഠനാവസരമാകുന്നു. വംശനാശ ഭീഷണി നേരിടുന്ന ഈ അപൂര്‍വ പക്ഷികളുടെ കൂടുകളെ തീ എങ്ങനെ ബാധിച്ചുവെന്നത് ആദ്യമായി വിശദമായി പഠിക്കാന്‍ ഗവേഷകര്‍ക്ക് അവസരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
കാനഡയിലെ വുഡ് ബഫലോ നാഷണല്‍ പാര്‍ക്കില്‍ മെയ് അവസാനവാരത്തില്‍ ഉണ്ടായ കാട്ടുതീയാണ് നിരവധി ഹൂപ്പിങ് ക്രെയിന്‍ കൂടുകള്‍ക്ക് സമീപമെത്തിയത്. അന്ന് പക്ഷികള്‍ മുട്ട വിരിയിക്കുന്ന ഘട്ടത്തിലായിരുന്നതിനാല്‍ തീപിടിത്തത്തിന്റെ സമയമാണ് ശാസ്ത്രജ്ഞരുടെ ആശങ്ക വര്‍ധിപ്പിച്ചത്. ജൂണ്‍ പകുതിയോടെയാണ് തീ നിയന്ത്രണവിധേയമായത്.
വുഡ് ബഫലോ നാഷണല്‍ പാര്‍ക്കിലെ റിസോഴ്‌സ് കണ്‍സര്‍വേഷന്‍ മാനേജര്‍ ഡാന്‍ റാഫ്‌ലയുടെ വാക്കുകളില്‍ ചില പക്ഷികളുടെ കൂടുകളിലെ മുട്ട വിരിയലിനെ തീ ബാധിച്ചിട്ടുണ്ടാകാമെങ്കിലും ഈ തീപിടിത്തം മുഴുവന്‍ ഹൂപ്പിങ് ക്രെയിന്‍ ജനസംഖ്യയെ ഗുരുതരമായി ബാധിച്ചിട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
1940-കളില്‍ വെറും 16 പക്ഷികള്‍ മാത്രമായി ചുരുങ്ങിയിരുന്ന വുഡ് ബഫലോ-അറാന്‍സാസ് ഹൂപ്പിങ് ക്രെയിന്‍ കൂട്ടം ഇന്ന് ഏകദേശം 550 പക്ഷികളായി ഉയര്‍ന്നത് വന്യജീവി സംരക്ഷണത്തിലെ ശ്രദ്ധേയ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
ഓരോ വര്‍ഷവും വസന്തകാലത്ത് ടെക്‌സാസിലെ ശൈത്യകാല ആവാസകേന്ദ്രത്തില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവ കാനഡയിലെ വുഡ് ബഫലോ നാഷണല്‍ പാര്‍ക്കിലെ പ്രജനന കേന്ദ്രത്തിലെത്തുന്നത്.
2022 മുതല്‍ പാര്‍ക്‌സ് കാനഡ, കനേഡിയന്‍ വൈല്‍ഡ് ലൈഫ് സര്‍വീസ്, വൈല്‍ഡര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നേതൃത്വത്തില്‍ ഹൂപ്പിങ് ക്രെയിനുകളുടെ കൂടുകളിലും പരിസരങ്ങളിലും റിമോട്ട് ക്യാമറകള്‍ സ്ഥാപിച്ച് മുട്ടയിടല്‍ മുതല്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുവരെയുള്ള ഓരോ ഘട്ടവും നിരീക്ഷിച്ചുവരികയാണ്.
ഈ വര്‍ഷം തീപിടിത്തം ഉണ്ടായ പ്രദേശത്തിന് സമീപത്തും ഒരു ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ വൈല്‍ഡ് ലൈഫ് സര്‍വീസിലെ സീനിയര്‍ വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് മാര്‍ക്ക് ബിഡ്വെല്‍ പറഞ്ഞു. ക്യാമറയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കില്‍, തീയും പുകയും ഉയര്‍ന്ന ചൂടും നേരിടുമ്പോള്‍ ഹൂപ്പിങ് ക്രെയിനുകള്‍ എങ്ങനെ പ്രതികരിച്ചുവെന്നതിനെക്കുറിച്ചുള്ള അപൂര്‍വ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
തീപിടിത്തസമയത്ത് മാതാപിതാക്കള്‍ കൂട് ഉപേക്ഷിച്ചിരുന്നെങ്കില്‍ മുട്ടകളോ വിരിഞ്ഞ കുഞ്ഞുങ്ങളോ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വരള്‍ച്ച കാട്ടുതീയുടെ തോതും തീവ്രതയും വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം തീപിടിത്തങ്ങള്‍ ഹൂപ്പിങ് ക്രെയിന്‍ ജനസംഖ്യയെ എങ്ങനെ ബാധിക്കുമെന്നതും ഗവേഷണത്തിന്റെ പ്രധാന വിഷയമാകും.
സെപ്റ്റംബറില്‍ പക്ഷികള്‍ തെക്കോട്ട് കുടിയേറുന്നതിന് മുമ്പ് റിമോട്ട് ക്യാമറകള്‍ തിരിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കാനാണ് ഗവേഷക സംഘത്തിന്റെ പദ്ധതി. ജൂലൈയില്‍ പാര്‍ക്‌സ് കാനഡ നടത്തുന്ന സര്‍വേയിലൂടെ ഈ വര്‍ഷം എത്ര കുഞ്ഞുപക്ഷികള്‍ പറക്കാന്‍ പ്രാപ്തരായെന്നതിന്റെ ആദ്യ സൂചന ലഭിക്കും.
പതിറ്റാണ്ടുകളായി ഹൂപ്പിങ് ക്രെയിനുകളെ നിരീക്ഷിച്ചുവരുന്ന സാള്‍ട്ട് റിവര്‍ ഫസ്റ്റ് നേഷന്‍ അംഗം റോണി ഷാഫര്‍ 'ഒരു കൂട് പോലും കാട്ടുതീയില്‍ നഷ്ടപ്പെട്ടാല്‍ അത് മുഴുവന്‍ പക്ഷിസംഘത്തിനും വലിയ തിരിച്ചടിയായിരിക്കും,' എന്ന് പറഞ്ഞു.
