ചൈനയുടെ വംശീയ ഐക്യ നിയമം നിര്‍ബന്ധിതമായി മുഖ്യധാരയില്‍ ലയിപ്പിക്കാനുള്ളതെന്ന് ടിബറ്റന്‍ ഭരണകൂടം

ചൈനയുടെ വംശീയ ഐക്യ നിയമം നിര്‍ബന്ധിതമായി മുഖ്യധാരയില്‍ ലയിപ്പിക്കാനുള്ളതെന്ന് ടിബറ്റന്‍ ഭരണകൂടം


ധര്‍മശാല: ചൈന നടപ്പാക്കിയ പുതിയ 'വംശീയ ഐക്യ നിയമം' ടിബറ്റന്‍ ജനതയെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും നിര്‍ബന്ധിതമായി മുഖ്യധാരയിലേക്ക് ലയിപ്പിക്കാന്‍ ലക്ഷ്യമിടുന്ന നിയമപരമായ സംവിധാനമാണെന്ന് സെന്‍ട്രല്‍ ടിബറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ (സിടിഎ) ആരോപിച്ചു. ടിബറ്റന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഭരണകൂടം നിയമത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.

രാഷ്ട്രീയ നേതാക്കളും അക്കാദമിക് വിദഗ്ധരും പഠനവിദഗ്ധരും പങ്കെടുത്ത ചര്‍ച്ചയില്‍ പുതിയ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ വിശദമായി വിലയിരുത്തി.

ചര്‍ച്ചയില്‍ സംസാരിച്ച കേന്ദ്ര ടിബറ്റന്‍ ഭരണകൂട പ്രസിഡന്റ് പെന്‍പ ടെന്‍സിങ്, 'ഐക്യം', 'സൗഹാര്‍ദം' തുടങ്ങിയ ആശയങ്ങള്‍ മുന്നോട്ടുവച്ചാണ് നിയമം അവതരിപ്പിച്ചിരിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ ടിബറ്റന്‍ ഭാഷയും മതവും സംസ്‌കാരവും ദേശീയ സ്വത്വവും ദുര്‍ബലപ്പെടുത്തുന്ന ദീര്‍ഘകാല നയങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍, മതാചാരങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, വ്യാപക നിരീക്ഷണ സംവിധാനം, ഭരണപരമായ നിയന്ത്രണങ്ങള്‍ തുടങ്ങിയവയിലൂടെ നേരത്തേ നടപ്പാക്കിയിരുന്ന നടപടികള്‍ക്ക് പുതിയ നിയമം ഔപചാരിക നിയമപരമായ അടിത്തറ ഒരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി ചൈനയുടെ സ്വാംശീകരണ നയങ്ങളെ ആഭ്യന്തരമായും അന്താരാഷ്ട്ര തലത്തിലും ചോദ്യം ചെയ്യുന്നത് കൂടുതല്‍ ദുഷ്‌കരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ, പ്രവാസ ടിബറ്റന്‍ പാര്‍ലമെന്റ് പുതിയ നിയമം തള്ളിക്കൊണ്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി. ഈ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കും ചൈനയുടെ ഭരണഘടനയിലെയും പ്രാദേശിക വംശീയ സ്വയംഭരണവുമായി ബന്ധപ്പെട്ട നിയമങ്ങളിലെയും വ്യവസ്ഥകള്‍ക്കും വിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

പുതിയ നിയമത്തിന്റെ പ്രത്യാഘാതം ടിബറ്റില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും ഉയ്ഗുര്‍, മംഗോളിയന്‍ വിഭാഗങ്ങളടക്കമുള്ള മറ്റ് വംശീയ ന്യൂനപക്ഷങ്ങളെയും ഇത് ബാധിക്കുമെന്നും പെന്‍പ ടെന്‍സിങ് അഭിപ്രായപ്പെട്ടു. വിവിധ വംശീയ വിഭാഗങ്ങളുടെ തനതായ സ്വത്വത്തിന് പകരം സര്‍ക്കാര്‍ നിര്‍വചിക്കുന്ന ഏക ദേശീയ സ്വത്വം അടിച്ചേല്‍പ്പിക്കാനാണ് നിയമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചൈനയുടെ നയങ്ങളെ വിമര്‍ശിക്കുന്നവരെ നിയമവാഴ്ചയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിച്ച് അവരുടെ ശബ്ദം അടിച്ചമര്‍ത്താനും ഈ നിയമം ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനാ വിദഗ്ധന്‍ ജയദേവ റാണഡെ, പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഭരണകാലത്ത് വംശീയ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞതായി അഭിപ്രായപ്പെട്ടു. ഗവേഷക ഡോ. ടെന്‍സിന്‍ ഡെസാലും വികസന പദ്ധതികളില്‍ വന്‍ നിക്ഷേപം നടത്തിയിട്ടും ടിബറ്റന്‍ ജനതയില്‍ യഥാര്‍ഥ ഉള്‍ക്കൊള്ളല്‍ ബോധം വളര്‍ത്തുന്നതില്‍ ബെയ്ജിങ്ങിന്റെ ഭരണനയങ്ങള്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തി.

പരിപാടിയുടെ സമാപനത്തില്‍, പൂര്‍ണ സ്വാതന്ത്ര്യത്തിനുപകരം ചൈനയ്ക്കുള്ളില്‍ ടിബറ്റിന് അര്‍ഥവത്തായ സ്വയംഭരണം വേണമെന്ന ദലൈലാമയുടെ 'മിഡില്‍ വേ അപ്രോച്ച്' നയത്തോടുള്ള പ്രതിബദ്ധത സിടിഎ ആവര്‍ത്തിച്ചു.