പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷം; ഭീഷണിയുമായി ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാൻ

പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷം; ഭീഷണിയുമായി ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാൻ


വാഷിം​ഗ്ടൺ: യു.എസ് സൈന്യം തങ്ങളുടെ ജോലി തീർക്കാൻ നിർബന്ധിതരായാൽ ഇറാൻ ബാക്കിയുണ്ടാവില്ലെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്ത്. ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടാവുകയും അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കെതിരേ തിരിച്ചടിക്കുകയും ചെയ്തതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ട്രംപിന്റെ പുതിയ ഭീഷണി. ന്യായവും നീതിയും നോക്കി പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകാം. തങ്ങൾ വിജയകരമായി തുടങ്ങിയ ജോലി പൂർത്തീകരിക്കാൻ യു.എസ് സൈന്യവും നിർബന്ധിതരാകും. അങ്ങനെയുണ്ടായാൽ ഇറാൻ ബാക്കിയുണ്ടാവില്ല- ട്രംപ് പറഞ്ഞു. 

ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനിലെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കും നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. എംടി കികു എന്ന വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് നടപടി സ്വീകരിച്ചത്. നിലവിലുള്ള വെടിനിർത്തൽ ധാരണയുടെ വ്യക്തമായ ലംഘനമാണ് ഇറാന്റെ ആക്രമണമെന്നും അമേരിക്ക ആരോപിച്ചു. ഹോർമുസിലൂടെ സഞ്ചരിച്ചിരുന്ന സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. സംഭവത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

അതേസമയം ആരോപണങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം നിയന്ത്രിക്കുന്നതിനായുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ഇറാൻ പ്രതികരിച്ചു. എന്നാൽ യു.എസിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യമായ ഇസ്ലാമിക് റെവലൂഷനറി ​ഗാർഡ് പറഞ്ഞു. യു.എസ് ആക്രമണത്തിന് മറുപടിയായി കുവൈത്തിലും ബഹ്റിനിലും ആക്രമണം നടത്തിയെന്നും ഐആർജിസി അറിയിച്ചു. 

ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചിട്ടുമുണ്ട്. സംഭവത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വീണ്ടും അന്താരാഷ്ട്ര ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കടത്ത് മാർഗങ്ങളിലൊന്നായ ഈ മേഖലയിലെ സംഘർഷം ആഗോള വ്യാപാരത്തെയും എണ്ണവിലയെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.