തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് നിലനിർത്തിക്കൊണ്ട് സർക്കാർ ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. വരും ദിവസങ്ങളിൽ ഈ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. എന്നാൽ, ബില്ല് പാസായാലും പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും അതുകൊണ്ട് ഉടൻ വില്പനയ്ക്ക് അനുമതി നൽകില്ലെന്നുമാണ് സർക്കാരിന്റെ വാദം. ഇതിന് മുന്നോടിയായി യുഡിഎഫിൽ ചർച്ച കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ നീക്കം.
നികുതി കുറച്ചതിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കടുത്ത എതിർപ്പ് ഉയർത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നണി നേതാക്കളുമായി കൂടുതൽ ചർച്ചകൾ നടത്തും. നിലവിൽ നികുതി ഘടനയിൽ പെട്ടെന്ന് മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വിവാദം അവസാനിപ്പിച്ചുവെന്ന നിലപാടിലാണ് എതിർപ്പ് ഉയർത്തിയിരുന്ന എക്സൈസ് മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.
അതേസമയം, നികുതി ഇളവ് പിൻവലിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ കടുത്ത സമ്മർദ്ദം ചെലുത്തുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സുധീരൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ടാണ് സർക്കാർ ധനബില്ലിന്റെ കരടുമായി മുന്നോട്ട് പോകുന്നത്. ഈ പുതിയ നീക്കം കോൺഗ്രസിനുള്ളിലും യുഡിഎഫിലും കൂടുതൽ രാഷ്ട്രീയ ഭിന്നതകൾക്ക് കാരണമായേക്കും.
വീര്യം കുറഞ്ഞ മദ്യം: നികുതി ഇളവുമായി സർക്കാർ മുന്നോട്ട്, ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു
