മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു


പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ മകളുടെ മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി പോലീസ്. ശനിയാഴ്ച രാത്രി 8.30ഓടെയായിരുന്നു ദാരുണ സംഭവം.

ദീപ (38), ഭർത്താവ് സുകുമാരൻ (43) എന്നിവരാണ് മരിച്ചത്.

മദ്യലഹരിയിലായിരുന്ന സുകുമാരൻ വീട്ടിലെത്തി ദീപയുമായി വഴക്കിട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് 16 വയസ്സുള്ള മകളുടെ മുന്നിൽവെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ദീപയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ ദീപയെ മണ്ണാർക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ സുകുമാരൻ സ്വയം പരിക്കേൽപ്പിച്ച് ആത്മഹത്യ ചെയ്തതായും പോലീസ് അറിയിച്ചു.

സംഭവത്തിന്റെ കാരണം ഉൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.