യു.എസ്-ഇറാൻ ധാരണ വിജയിക്കുമോ? സാധ്യത 50 ശതമാനത്തിൽ താഴെയെന്ന് വിദഗ്ധൻ

യു.എസ്-ഇറാൻ ധാരണ വിജയിക്കുമോ? സാധ്യത 50 ശതമാനത്തിൽ താഴെയെന്ന് വിദഗ്ധൻ


വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ ധാരണയും ധാരണാപത്രവും (MoU) വിജയകരമാകാനുള്ള സാധ്യത 50 ശതമാനത്തിൽ താഴെയാണെന്ന് അമേരിക്കൻ സർവകലാശാലയിലെ ന്യൂക്ലിയർ സ്റ്റഡീസ് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടറും ചരിത്രകാരനുമായ പീറ്റർ കുസ്‌നിക്. ഇരുരാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള അവിശ്വാസമാണ് പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ അടുത്തിടെ ഉണ്ടായ സൈനിക സംഘർഷം മാത്രം ധാരണ തകരാൻ കാരണമാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, അമേരിക്കയും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസക്കുറവ് ഏത് കരാറിനെയും ദുർബലമാക്കുന്ന ഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1953ൽ ഇറാനിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക പിന്തുണ നൽകിയ സംഭവമാണ് ഇന്നും ടെഹ്രാന്റെ അവിശ്വാസത്തിന് പ്രധാന കാരണമെന്ന് കുസ്‌നിക് പറഞ്ഞു. കൂടാതെ, ചർച്ചകൾ പുരോഗമിക്കമ്പോൾ തന്നെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക ആക്രമണങ്ങളും ഇറാന്റെ സംശയങ്ങൾ വർധിപ്പിച്ചതായും അദ്ദേഹം വിലയിരുത്തി.

ഇരുരാജ്യങ്ങളിലെയും ആഭ്യന്തര രാഷ്ട്രീയ സമ്മർദവും ധാരണയ്ക്ക് തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം തന്നെ ഇറാനുമായുള്ള ധാരണയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. അതേസമയം, അമേരിക്കയുമായി ചർച്ച നടത്തുന്നതിനെ എതിർക്കുന്ന ശക്തമായ വിഭാഗം ഇറാനിലും സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ ദീർഘകാല സമാധാന ധാരണ യാഥാർഥ്യമാകാനുള്ള സാധ്യത വളരെ കുറവാണെന്നും, അത് 50 ശതമാനത്തിൽ താഴെയോ അതിലും കുറവോ ആയിരിക്കാമെന്നും പീറ്റർ കുസ്‌നിക് അഭിപ്രായപ്പെട്ടു.