ഒട്ടാവ: കുട്ടികള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്ലോക്‌സ് വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ കുട്ടികളെ ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പ് കാനഡയിലെ വിവിധ പൊലീസ് ഏജന്‍സികള്‍ ആവര്‍ത്തിച്ച് നല്‍കുന്നതിനിടെ പുതിയ സേഫ് സോഷ്യല്‍ മീഡിയ ആക്ടില്‍ റോബ്ലോക്‌സിനെയും ഡിസ്‌കോര്‍ഡിനെയും ഉള്‍പ്പെടുത്താത്തത് വിവാദമാകുന്നു.
കാനഡ സര്‍ക്കാര്‍ ഈ മാസം അവതരിപ്പിച്ച നിയമം 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ചട്ടക്കൂടാണ് ഒരുക്കുന്നത്. പ്രായം സ്ഥിരീകരിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുകയാണ് ലക്ഷ്യം.
എന്നാല്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെയും സന്ദേശമയക്കല്‍ ആപ്പുകളെയും നിയമത്തിന്റെ ആദ്യഘട്ട പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റോബ്ലോക്‌സ് സ്ഥിരമായി ഉപയോഗിച്ചിരുന്ന കാനഡക്കാരിയായ 16-കാരി പെനലോപ്പി സോകൊലോവ്‌സ്‌കി അവിടെവെച്ചാണ് അക്രമവും നിഹിലിസ്റ്റ് ആശയങ്ങളും പ്രചരിപ്പിക്കുന്ന 764 എന്ന സംഘത്തിലെ ഒരംഗത്തെ പരിചയപ്പെട്ടത്.
തുടര്‍ന്ന് ഇരുവരുടെയും ആശയവിനിമയം ഡിസ്‌കോര്‍ഡിലേക്ക് മാറി. അവിടെവച്ച് പെണ്‍കുട്ടിയെ സ്വയം മുറിവേല്‍പ്പിക്കാനും വീട്ടിലെ വളര്‍ത്തുപൂച്ചയെ ഉപദ്രവിക്കാനും പ്രേരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ ദൃശ്യങ്ങള്‍ അവള്‍ സംഘാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
കാനഡയില്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള 764 എന്ന സംഘത്തിന്റെ സ്വാധീനത്തില്‍പ്പെട്ട പെനലോപ്പി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഈ സംഘം തന്റെ മകളുടെ മനസ്സിനെയും ജീവിതത്തെയും പൂര്‍ണമായി കീഴടക്കിയെന്നും തങ്ങള്‍ അനുഭവിച്ച ദുരന്തം മറ്റൊരു മാതാപിതാവിനും കുട്ടിക്കും ഉണ്ടാകരുതെന്നും പെനലോപ്പിയുടെ പിതാവ് ജേസണ്‍ സോകൊലോവ്‌സ്‌കി പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ പൊലീസ് റോബ്ലോക്‌സ്, ഡിസ്‌കോര്‍ഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ 764 പോലുള്ള തീവ്രവാദ സംഘങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2024-25 കാലയളവില്‍ മാത്രം റോബ്ലോക്‌സുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ പരാതികള്‍ കാണാതായതും ചൂഷണത്തിനിരയായതുമായ കുട്ടികളുടെ കേന്ദ്രത്തിന് ലഭിച്ചതായി കാനഡയിലെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കാനഡയുടെ പബ്ലിക് സേഫ്റ്റി വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലും 'ദുര്‍ബലരായ കുട്ടികളെയും കൗമാരക്കാരെയും ദുരുദ്ദേശ്യത്തോടെ സമീപിക്കുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് റോബ്ലോക്‌സ്' എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍ ഫസ്റ്റ് കാനഡയുടെ സി ഇ ഒ സാറ ഓസ്റ്റിന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമത്തിന്റെ പരിധിക്ക് പുറത്തുവിട്ടത് 'യുക്തിരഹിതമായ തീരുമാനമാണ്' എന്ന് വിമര്‍ശിച്ചു.
ക്വീന്‍സ് സര്‍വകലാശാലയിലെ തീവ്രവാദ പഠന വിദഗ്ധനായ അമര്‍നാഥ് അമരസിംഗവും ഇതേ ആശങ്ക പങ്കുവച്ചു.
ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികളെ ലക്ഷ്യമിട്ട് നടക്കുന്ന ചൂഷണവും തീവ്രവാദ സ്വാധീനവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമായി ഏകദേശം 13.2 കോടി സജീവ ഉപയോക്താക്കളുള്ള റോബ്ലോക്‌സില്‍ അഞ്ച് കോടിയോളം പേര്‍ 13 വയസ്സില്‍ താഴെയുള്ളവരാണ്. ലക്ഷക്കണക്കിന് ഗെയിമുകള്‍ ലഭ്യമാകുന്ന പ്ലാറ്റ്‌ഫോമില്‍ ഉപയോക്താക്കള്‍ക്ക് വോയ്‌സ് ചാറ്റ് ഉള്‍പ്പെടെ പരസ്പരം ആശയവിനിമയം നടത്താനും സാധിക്കും.
എങ്കിലും റോബ്ലോക്‌സ് സ്വയം ഗെയിമിംഗ് പ്ലാറ്റ്‌ഫോമായാണ് വിശേഷിപ്പിക്കുന്നത്. നിലവിലെ കാനഡന്‍ നിയമപ്രകാരം പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമുകളെയാണ് സോഷ്യല്‍ മീഡിയയായി നിര്‍വചിച്ചിട്ടുള്ളത്. അതിനാല്‍ റോബ്ലോക്‌സും ഡിസ്‌കോര്‍ഡും ആ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ല.
സേഫ് സോഷ്യല്‍ മീഡിയ ആക്ട് പ്രകാരം രൂപീകരിക്കുന്ന ഡിജിറ്റല്‍ സേഫ്റ്റി കമ്മിഷന് പിന്നീട് റോബ്ലോക്‌സിനെയും ഡിസ്‌കോര്‍ഡിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള അധികാരമുണ്ടാകും.
എന്നാല്‍ ഇതിന് കൂടുതല്‍ സമയം എടുക്കുമെന്നും അതുവരെ കുട്ടികള്‍ അപകടസാധ്യത നേരിടേണ്ടിവരുമെന്നും ബാലാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുമ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് സാറ ഓസ്റ്റിന്‍ അറിയിച്ചു.
അമേരിക്കയില്‍ കുട്ടികളുടെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നിരവധി കേസുകള്‍ നേരിടുന്ന റോബ്ലോക്‌സ് അടുത്തിടെ പ്രായപരിശോധനയും അക്കൗണ്ട് സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഡിസ്‌കോര്‍ഡും സമാന നടപടികള്‍ സ്വീകരിച്ചെങ്കിലും സ്വകാര്യതാ ആശങ്കകളെ തുടര്‍ന്ന് അവയില്‍ ചിലത് പിന്നീട് പിന്‍വലിച്ചു.
