ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂർണിമ ജയറാമാണ് ഭാര്യ. നടൻ ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് മക്കള്‍.
1979 ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറുന്നത്. അദ്ദേഹം തന്നെയായിരുന്നു ചിത്രത്തിലെ നായകനും. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. 75ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്. ഭാരതിരാജയുടെ 16 വയതിനിലെയായിരുന്നു ആദ്യ സിനിമ. പിന്നീട് ഡയലോഗ് എഴുതിയ സിഗപ്പു റോജാക്കള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഭാരതിരാജയ്‌ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും തിരക്കഥയും ഡയലോഗുമെഴുതിയിരുന്നു. പിന്നീടാണ് സംവിധായകനായി അരങ്ങേറുന്നത്.
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
