വാഷിംഗ്ടൺ: പരിശീലനത്തിനിടെ സൈനിക വാഹനം കയറിയിറങ്ങി അമേരിക്കന്‍ സൈനീകന് ദാരുണാന്ത്യം. കാലിഫോര്‍ണിയയില്‍ ഈ മാസം 10 നടന്ന സൈനീക പരിശീലനത്തിനിടെയാണ് ജോര്‍ജിയയിലെ ഫോര്‍ട്ട് സ്റ്റുവര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാം ഇന്‍ഫന്‍ട്രി ഡിവിഷനിലെ കോംബാറ്റ് എന്‍ജിനീയറായിരുന്ന അഡ്രിയന്‍ ബോണ്‍സെ (29) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ 10ന് മൊഹാവെ മരുഭൂമിയിലെ പരിശീലന മേഖലയില്‍ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്.
പരിശീലനത്തിനിടെ കാല്‍നടയായി സഞ്ചരിക്കുകയായിരുന്ന ബോണ്‍സിയുടെ മുകളിലൂടെ 27 ടണ്‍ ഭാരമുള്ള എം2 ബ്രാഡ്ലി കവചവാഹനം കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് സൈന്യം അറിയിച്ചു. അഡ്രിയന്റെ മരണത്തില്‍ മൂന്നാം ഇന്‍ഫന്‍ട്രി ഡിവിഷന് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജോണ്‍ ലുബാസ് അനുശോചിച്ചു.
ന്യൂയോര്‍ക്ക് സ്വദേശിയായ ബോണ്‍സി 2023-ലാണ് അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നത്. അടുത്തിടെയാണ് ജോര്‍ജിയയിലെ ഫോര്‍ട്ട് സ്റ്റുവര്‍ട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. അതിന് മുമ്പ് കൊളറാഡോയിലെ ഫോര്‍ട്ട് കാര്‍സണില്‍ സേവനമനുഷ്ഠിച്ചു. 2024ല്‍ പോളണ്ടില്‍ വിന്യസിക്കപ്പെട്ട സൈനിക സംഘത്തിലും അംഗമായിരുന്നു. എം2 ബ്രാഡ്ലി കവചവാഹനം അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന യുദ്ധ കവചവാഹനങ്ങളിലൊന്നാണ്.
കാലിഫോര്‍ണിയയില്‍ പരിശീലനത്തിനിടെ സൈനിക വാഹനം ശരീരത്തില്‍ കയറിയിറങ്ങി യു.എസ് സൈനികന് ദാരുണാന്ത്യം
