വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ 'വിവേകശൂന്യമായ ലംഘനമാണെന്നും' ട്രംപ് വിമർശിച്ചു.
സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രസ്താവനയിൽ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ഇറാൻ നാല് ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചതായി ട്രംപ് പറഞ്ഞു. അതിൽ ഒരു ഡ്രോൺ വലിയ ചരക്കുകപ്പലിന്റെ മുകൾഭാഗത്ത് പതിച്ച് കേടുപാടുകൾ വരുത്തിയെങ്കിലും കപ്പലിന് യാത്ര തുടരാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റ് മൂന്ന് ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ച് വീഴ്ത്തിയതായും ട്രംപ് പറഞ്ഞു.
എന്നാൽ ട്രംപിന്റെ ആരോപണം ഇറാൻ ശക്തമായി നിഷേധിച്ചു. ഇത് 'പൂർണമായും വ്യാജമായ ആരോപണമാണ്' എന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലുള്ള മേഖലയാണെന്നും ഇതിൽ അമേരിക്കയ്ക്ക് ഇടപെടാനാവില്ലെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് വക്താവ് പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റാനുള്ള നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സമുദ്ര സംഘടന (IMO) അറിയിച്ചു.
ആക്രമണ ഭീഷണി പൂർണമായി അവസാനിക്കുമെന്ന ഉറപ്പ് ലഭിച്ചശേഷം മാത്രമേ ഒഴിപ്പിക്കൽ നടപടികൾ പുനരാരംഭിക്കൂവെന്ന് സംഘടനയുടെ സെക്രട്ടറി ജനറൽ അഴസേനിയോ ഡൊമിംഗസ് വ്യക്തമാക്കി. ഇതുവരെ 115 കപ്പലുകളെ സുരക്ഷിതമായി മാറ്റിയെങ്കിലും 500ഓളം കപ്പലുകൾ ഇപ്പോഴും ഹോർമുസ് മേഖലയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണമെന്ന് ട്രംപ്; ആരോപണം തള്ളി ഇറാൻ
