കരാക്കസ്: വെനസ്വേലയെ തകര്‍ത്ത ഇരട്ട ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 589 ആയി ഉയര്‍ന്നതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വെള്ളിയാഴ്ച അറിയിച്ചു. 2,980 പേര്‍ക്ക് പരിക്കേറ്റതായും ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ലാ ഗൈ്വറ പ്രവിശ്യയില്‍ സൈന്യത്തെ വിന്യസിച്ചതായും അവര്‍ വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം രാവും പകലും തുടരുകയാണെന്നും റോഡ്രിഗസ് പറഞ്ഞു. നിരവധി പേരെ ജീവനോടെ രക്ഷപ്പെടുത്താനായതായും അവര്‍ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കുന്നത് ആശ്വാസം പകരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതുവരെ 214 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയതായി അവര്‍ അറിയിച്ചു. രാജ്യത്ത് ഇപ്പോഴും ഭൂചലന സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ലാ ഗൈ്വറയില്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തിയതായും വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി വിവിധ രാജ്യങ്ങള്‍ നല്‍കിയ സഹായത്തിനും വിദേശ രക്ഷാസംഘങ്ങളുടെ പിന്തുണയ്ക്കും റോഡ്രിഗസ് നന്ദി അറിയിച്ചു.
നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച പ്രത്യേക വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച രാവിലെ വരെ ഏകദേശം 50,000 പേരെ കണ്ടെത്താനായിട്ടില്ലെന്ന വിവരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച പൊതുഅവധിദിന സായാഹ്നത്തിലാണ് കരാക്കസില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ പടിഞ്ഞാറ് റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രതയുള്ള ഇരട്ട ഭൂചലനങ്ങള്‍ ഉണ്ടായത്.
അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ മരണസംഖ്യ 10,000 കടന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
1967-ല്‍ 240 പേരുടെ ജീവനെടുത്ത ഭൂചലനമായിരുന്നു ഇതുവരെ വെനസ്വേലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം.
കരാക്കസിന് വടക്കുള്ള തീരപ്രദേശമായ ലാ ഗൈ്വറയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത്. പ്രദേശം ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബഹുനില അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.
വലിയ രക്ഷാസംവിധാനങ്ങളുടെ അഭാവത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൈകൊണ്ടും അടിസ്ഥാന ഉപകരണങ്ങള്‍ ഉപയോഗിച്ചുമാണ് ജീവനുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നത്.
കുറഞ്ഞത് 17 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര തിരച്ചില്‍- രക്ഷാസംഘങ്ങള്‍ വെനസ്വേലയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കാണ് ആദ്യം രക്ഷാസംഘത്തെ ലാ ഗൈ്വറയിലേക്ക് അയച്ചത്. മെക്‌സിക്കോ 250 രക്ഷാപ്രവര്‍ത്തകരെയും എല്‍ സാല്‍വദോര്‍ 188 പേരെയും സ്‌പെയിന്‍ നൂറോളം അംഗങ്ങളെയും കൊളംബിയ 63 അംഗ സംഘത്തെയും വിന്യസിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡും ജര്‍മ്മനിയും തിരച്ചില്‍ നായകളും പ്രത്യേക രക്ഷാസംവിധാനങ്ങളുമായി സംഘങ്ങളെ അയച്ചിട്ടുണ്ട്.
വര്‍ഷങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും നേരിടുന്ന വെനസ്വേലയ്ക്ക് ഈ ദുരന്തം വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ ഏജന്‍സിയുടെ കണക്കുപ്രകാരം ഏകദേശം 70 ലക്ഷം പേര്‍ ദുരന്തത്തിന്റെ പ്രത്യാഘാതം നേരിടാന്‍ സാധ്യതയുണ്ട്. അടിയന്തര പാര്‍പ്പിടങ്ങളും ദുരിതാശ്വാസ സാമഗ്രികളും വിതരണം ആരംഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്ന കേന്ദ്രമാക്കി മാറ്റിയതിനാല്‍ കരാക്കസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് താത്ക്കാലികമായി അടച്ചിരിക്കുകയാണ്.
അതേസമയം, രാജ്യത്തിന്റെ പ്രധാന എണ്ണവ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടമില്ലാത്തതിനാല്‍ എണ്ണ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ കാര്യമായി തടസപ്പെട്ടിട്ടില്ലെന്ന് വിദേശ ഊര്‍ജ കമ്പനികള്‍ അറിയിച്ചു.
ഭൂചലന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി വെനസ്വേലയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങളില്‍ അമേരിക്ക താത്ക്കാലിക ഇളവ് പ്രഖ്യാപിച്ചു.
അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ തീരുമാനപ്രകാരം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ വെനസ്വേലന്‍ സര്‍ക്കാരിന് ഇനി സാധിക്കും. നിലവിലെ ഉപരോധങ്ങള്‍ കാരണം ഇത്തരം ഇടപാടുകള്‍ക്ക് മുമ്പ് തടസമുണ്ടായിരുന്നു.
ഈ ഇളവ് ഒക്ടോബര്‍ 23 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മാനുഷിക സഹായം വേഗത്തിലാക്കുന്നതിന് ഉപരോധങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ 150 ദശലക്ഷം ഡോളറിന്റെ ഭൂചലന സഹായവും അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തില്‍ രക്ഷാസംഘങ്ങളെ വിന്യസിക്കുമെന്നും കരാക്കസ് വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പെന്റഗണ്‍ പിന്തുണ നല്‍കുമെന്നും അമേരിക്ക അറിയിച്ചു.
