മൂന്ന് പതിറ്റാണ്ടിലേറെ കത്തോലിക്കാ സഭയുടെ സാമ്പത്തിക ചുമതല; ഒടുവില്‍ 88 ലക്ഷം കനേഡിയന്‍ ഡോളര്‍ തട്ടിയെടുത്തെന്ന് കേസ്

മൂന്ന് പതിറ്റാണ്ടിലേറെ കത്തോലിക്കാ സഭയുടെ സാമ്പത്തിക ചുമതല; ഒടുവില്‍ 88 ലക്ഷം കനേഡിയന്‍ ഡോളര്‍ തട്ടിയെടുത്തെന്ന് കേസ്


ടൊറന്റോ: കാനഡയിലെ ജെസ്യൂട്ട് കത്തോലിക്കാ സഭയുടെ സാമ്പത്തിക കാര്യങ്ങളും അക്കൗണ്ടിംഗും ധനസമാഹരണവും മൂന്ന് പതിറ്റാണ്ടിലേറെയായി കൈകാര്യം ചെയ്തിരുന്ന മുന്‍ ധനകാര്യ ഡയറക്ടര്‍ ബാരി ലീഡല്‍ സഭയില്‍ നിന്ന് തട്ടിയെടുത്തതായി ആരോപിക്കുന്ന 88 ലക്ഷം കനേഡിയന്‍ ഡോളര്‍ തിരിച്ചടയ്ക്കാന്‍ സമ്മതിച്ചു. 2010 മുതല്‍ തുടരുന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട സിവില്‍ കേസിലാണ് ഈ ഒത്തുതീര്‍പ്പ് ഉണ്ടായത്.

62-കാരനായ ലീഡല്‍ 2024 നവംബറില്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ് വരെ ജെസ്യൂട്ട്‌സ് ഓഫ് കാനഡയുടെ പ്രധാന ധനകാര്യ ചുമതലകള്‍ വഹിച്ചിരുന്നു. താനില്ലെങ്കില്‍ ട്രഷറി കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും കോടതി രേഖകളില്‍ പരാമര്‍ശമുണ്ട്.

ഒന്റാറിയോ സുപീരിയര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാരി ലീഡലിനെ പൂര്‍ണ വിശ്വാസത്തോടെയാണ് സാമ്പത്തിക ചുമതലകള്‍ ഏല്‍പ്പിച്ചതെന്നും അദ്ദേഹം സത്യസന്ധതയോടെയും വിശ്വസ്തതയോടെയും പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ജെസ്യൂട്ട്‌സ് ഓഫ് കാനഡ വ്യക്തമാക്കുന്നു.

ലീഡല്‍ സിവില്‍ കേസില്‍ പ്രതിരോധ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. അദ്ദേഹവും അഭിഭാഷകരും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചിട്ടില്ല. അതേസമയം കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ജെസ്യൂട്ട്‌സ് ഓഫ് കാനഡ അറിയിച്ചു. ഇതുവരെ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2025 ഏപ്രിലില്‍, ലീഡല്‍ വിരമിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് സഭ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്‌കോട്ടിയാബാങ്ക് അക്കൗണ്ടിലൂടെ കുറഞ്ഞത് 35 ലക്ഷം കനേഡിയന്‍ ഡോളറെങ്കിലും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍, എ ടി എം പിന്‍വലിക്കലുകള്‍, ട്യൂഷന്‍ ഫീസ്, സ്വന്തം പേരിലുള്ള ചെക്കുകള്‍ എന്നിവയ്ക്കായി അനധികൃതമായി ഉപയോഗിച്ചതായി ആരോപിക്കുന്നു.

2018 മുതല്‍ 2024 വരെ വ്യാജ ഇന്‍ഷുറന്‍സ് ഇന്‍വോയിസുകള്‍ ഉപയോഗിച്ച് മറ്റൊരു 31 ലക്ഷം ഡോളറും തട്ടിയെടുത്തതായി കേസ് പറയുന്നു. ഇതിനായി ഉപയോഗിച്ച ഇന്‍വോയിസ് മാതൃക 2010-ലാണ് തയ്യാറാക്കിയതെന്നും കോടതി രേഖകളിലുണ്ട്. ഇതിന് പുറമെ മറ്റ് അക്കൗണ്ടുകളില്‍ നിന്ന് മൂന്ന് ലക്ഷം ഡോളറിലധികം അനധികൃതമായി കൈമാറിയതായും കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും നടത്തിയ യാത്രകള്‍ക്കും ഹോട്ടല്‍ താമസങ്ങള്‍ക്കും വ്യാജ ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചതായും ആരോപണമുണ്ട്.

വിരമിച്ചപ്പോള്‍ ഉപയോഗിക്കാത്ത അവധിയുടെയും മറ്റ് ആനുകൂല്യങ്ങളുടെയും പേരില്‍ ഏകദേശം 1.42 ലക്ഷം ഡോളറും ലീഡലിന് ലഭിച്ചിരുന്നു.

2025 ഏപ്രില്‍ 16ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഇ-മെയില്‍ പ്രവേശനം സഭ റദ്ദാക്കിയതിന് പിന്നാലെ ജെസ്യൂട്ട്‌സ് ഓഫ് കാനഡയുടെ മേധാവി ഫാദര്‍ ജെഫ്രി ബര്‍വെല്ലിന് അയച്ച സന്ദേശത്തില്‍ 'സ്ഥാപനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്ത വര്‍ഷങ്ങളില്‍ ചില ഗുരുതര പിഴവുകള്‍ സംഭവിച്ചു' എന്ന് ലീഡല്‍ സമ്മതിച്ചതായി കേസ് രേഖകളില്‍ പറയുന്നു. അടുത്ത ദിവസം സാമ്പത്തികമായി നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നതായും രേഖകളിലുണ്ട്.

സഭയുടെ ഫോറന്‍സിക് അക്കൗണ്ടന്റിനോടും ബാങ്ക് അക്കൗണ്ടുകളും വ്യാജ ഇന്‍വോയിസുകളും ഉപയോഗിച്ച് കോടിക്കണക്കിന് ഡോളര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി ലീഡല്‍ സമ്മതിച്ചതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

തട്ടിയെടുത്ത പണം ഉപയോഗിച്ച് ഭാര്യ നാന്‍സി ലീഡലിനൊപ്പം നിരവധി വീടുകള്‍ വാങ്ങി നവീകരിച്ച് ലാഭത്തോടെ വിറ്റതായും ജെസ്യൂട്ട്‌സ് ആരോപിക്കുന്നു. 2019 മുതല്‍ 2024 വരെ ഒന്റാറിയോയിലെ ഗ്വെല്‍ഫ്, സെന്റ് കാതറൈന്‍സ് എന്നിവിടങ്ങളിലെ മൂന്ന് വീടുകള്‍ വിറ്റ് 2.2 ലക്ഷം ഡോളറിന്റെ ലാഭം നേടിയതായി സ്വത്ത് രേഖകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ ഫ്ളോറിഡയിലും രണ്ട് വീടുകള്‍ വിറ്റ് ഗണ്യമായ ലാഭം നേടിയതായും കണ്ടെത്തിയിട്ടുണ്ട്.

ഒത്തുതീര്‍പ്പ് വ്യവസ്ഥപ്രകാരം ലീഡല്‍ ദമ്പതികള്‍ കൈവശമുള്ള ബാക്കി സ്വത്തുക്കളും വില്‍ക്കണം. സൗബിള്‍ ബീച്ചിലെ കോട്ടേജും ഗ്വെല്‍ഫിലെ ടൗണ്‍ഹൗസും നിലവില്‍ വില്‍പ്പനയ്ക്കുണ്ട്. അഞ്ചു മക്കള്‍ വളര്‍ന്ന ഗ്വെല്‍ഫ്/ എറാമോസയിലെ വീട് കഴിഞ്ഞ മാസം ഏകദേശം 19 ലക്ഷം ഡോളറിന് വിറ്റു.

വിരമിക്കല്‍ സമ്പാദ്യവും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി കരുതിയ നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗത അക്കൗണ്ടുകളും ദമ്പതികള്‍ ലിക്വിഡേറ്റ് ചെയ്യണം. എട്ട് വാഹനങ്ങളും വില്‍ക്കേണ്ടതുണ്ട്.

ലീഡലിന്റെ ആസ്തികളുടെ മൊത്തം മൂല്യം താന്‍ തിരിച്ചടയ്‌ക്കേണ്ട 88 ലക്ഷം ഡോളറിനേക്കാള്‍ വളരെ കുറവാണെന്ന് 2025 ജൂണില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒത്തുതീര്‍പ്പ് പ്രകാരം വില്‍ക്കുന്ന സ്വത്തുക്കളുടെയും നിക്ഷേപങ്ങളുടെയും മൂല്യം വായ്പകള്‍ അടച്ചശേഷം ഏകദേശം 46 ലക്ഷം ഡോളര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആദ്യഘട്ട ഹര്‍ജിയില്‍ ഭര്‍ത്താവിന്റെ തട്ടിപ്പില്‍ അറിഞ്ഞുകൊണ്ട് പങ്കാളിയായെന്നും ആനുകൂല്യം നേടിയെന്നും നാന്‍സി ലീഡലിനെതിരെ ആരോപണമുണ്ടായിരുന്നെങ്കിലും കുറഞ്ഞത് 39 ലക്ഷം ഡോളറെങ്കിലും തിരികെ ലഭിച്ചാല്‍ അവര്‍ക്കെതിരായ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ ജെസ്യൂട്ട്‌സ് ഓഫ് കാനഡ സമ്മതിച്ചു. നാന്‍സിക്ക് സ്വന്തം ആര്‍ ആര്‍ എസ്പിയില്‍ 1.25 ലക്ഷം ഡോളര്‍ നിലനിര്‍ത്താനും അനുമതി നല്‍കിയിട്ടുണ്ട്.

വിവാഹ മോതിരങ്ങള്‍, കുടുംബ പാരമ്പര്യ വസ്തുക്കള്‍, ആവശ്യമായ വസ്ത്രങ്ങള്‍, ചെറിയ വ്യക്തിഗത വസ്തുക്കള്‍, 14,000 ഡോളര്‍ വരെ വിലമതിക്കുന്ന വീട്ടുപകരണങ്ങള്‍ എന്നിവ കൈവശം വയ്ക്കാന്‍ ദമ്പതികള്‍ക്ക് അനുമതിയുണ്ട്.

അതേസമയം, ഈ വിധി ധനാപഹരണവുമായി ബന്ധപ്പെട്ടതിനാല്‍ ഭാവിയില്‍ ബാരി ലീഡല്‍ പാപ്പരത്തം പ്രഖ്യാപിച്ചാലും ജെസ്യൂട്ട് സഭയ്ക്ക് നല്‍കാനുള്ള ബാധ്യത ഒഴിവാകില്ല. കൂടാതെ കുടുംബാംഗങ്ങളുടെ ജീവന്‍ ഇന്‍ഷുറന്‍സ് പോളിസികളിലെ ഏക ഗുണഭോക്താവായി ജെസ്യൂട്ട് സഭയെ നിശ്ചയിക്കണമെന്നും ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ പറയുന്നു.