മോസ്‌കോ: റഷ്യയിലെ 12 മേഖലകളിലും റഷ്യ കൈവശപ്പെടുത്തിയ ക്രിമിയന്‍ ഉപദ്വീപ്, കരിങ്കടല്‍, അസോവ് കടല്‍ എന്നിവിടങ്ങളിലുമായി യുക്രെയ്ന്‍ വ്യാപകമായ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം നടന്ന ആക്രമണത്തില്‍ 660 യുക്രെയ്ന്‍ ഡ്രോണുകള്‍ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
നാല് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ പ്രദേശങ്ങള്‍ക്കും 2014ല്‍ റഷ്യ അനധികൃതമായി കൂട്ടിച്ചേര്‍ത്ത ക്രിമിയയ്ക്കുമെതിരെ നടന്ന ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
റഷ്യയുടെ യുദ്ധശേഷിയെ ദുര്‍ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി യുക്രെയ്ന്‍ ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ച് എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍, ഊര്‍ജ്ജ സംവിധാനങ്ങള്‍, സൈനിക വിതരണ ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കിയിരുന്നു. ഈ ആക്രമണങ്ങള്‍ റഷ്യയുടെ ഇന്ധന വിതരണത്തെയും സൈനിക ലോജിസ്റ്റിക്‌സിനെയും ബാധിച്ചിട്ടുണ്ടെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥരും സുരക്ഷാ വിദഗ്ധരും വിലയിരുത്തുന്നു.
വന്‍ ഡ്രോണ്‍ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി റഷ്യയെ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുകയെന്ന ലക്ഷ്യത്തോടെ 40 ദിവസത്തെ പ്രത്യേക സമ്മര്‍ദ്ദ നടപടികള്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയതായി സമൂഹമാധ്യമമായ എക്സില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ശ്രമങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന പശ്ചാത്തലത്തിലാണ് ആക്രമണങ്ങള്‍ ശക്തമാക്കുന്നതെന്നാണ് സൂചന.
മോസ്‌കോയും സെന്റ് പീറ്റേഴ്സ്ബര്‍ഗും ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ വിജയകരമായ ഡ്രോണ്‍ ആക്രമണങ്ങള്‍ യുക്രെയ്‌ന് ആത്മവിശ്വാസം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മോസ്‌കോയ്ക്ക് തെക്കുള്ള തുല മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നതായും ഒരു സ്ത്രീക്ക് പരിക്കേറ്റതായും ഗവര്‍ണര്‍ ദിമിത്രി മില്യായേവ് അറിയിച്ചു. വൈദ്യുതി ലൈനുകള്‍ക്കും നോവോമോസ്‌കോവ്‌സ്‌ക് നഗരത്തിലെ ഒരു വ്യവസായ സ്ഥാപനത്തിനും കേടുപാടുകള്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വതന്ത്ര റഷ്യന്‍ വാര്‍ത്താ പോര്‍ട്ടലായ ആസ്ട്ര നോവോമോസ്‌കോവ്‌സ്‌കിലെ ഒരു രാസശാലയ്ക്കും ജലവൈദ്യുത നിലയത്തിനും ആക്രമണത്തില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വിവരം സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റഷ്യന്‍ അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മോസ്‌കോയിലേക്ക് നീങ്ങിയ 47 യുക്രെയ്ന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി മേയര്‍ സെര്‍ഗെയ് സോബ്യാനിന്‍ അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ വലിയ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, യുക്രെയ്‌നിന്റെ വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഗൈഡഡ് ഏരിയല്‍ ബോംബുകളും വിവിധ തരം ഡ്രോണുകളും ഉപയോഗിച്ച് ഖാര്‍കിവ് നഗരവും സമീപത്തെ 16 ഗ്രാമങ്ങളും റഷ്യ ആക്രമിച്ചതായി മേഖലാ ഗവര്‍ണര്‍ ഒലെഹ് സിനിഹുബോവ് പറഞ്ഞു.
രാത്രിയിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ വിക്ഷേപിച്ച 189 ഡ്രോണുകളില്‍ 174 എണ്ണം തകര്‍ത്തതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. എന്നാല്‍ റഷ്യ വിക്ഷേപിച്ച ഏഴ് ഇസ്‌കന്ദര്‍- എം ബാലിസ്റ്റിക് മിസൈലുകളില്‍ നാലെണ്ണം വ്യോമ പ്രതിരോധം മറികടന്ന് വിവിധ ലക്ഷ്യങ്ങളില്‍ പതിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
കീവ്, തെക്കന്‍ ഒഡേസ മേഖല, വടക്കുകിഴക്കന്‍ സുമി മേഖല എന്നിവിടങ്ങളിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍, വീടുകള്‍, മറ്റ് സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു.
