ഇന്ത്യൻ വംശജനായ ശംഖ് മിത്ര ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സി.ഇ.ഒ.; വാർഷിക പാക്കേജ് 7,744 കോടി രൂപ

ഇന്ത്യൻ വംശജനായ ശംഖ് മിത്ര ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സി.ഇ.ഒ.; വാർഷിക പാക്കേജ് 7,744 കോടി രൂപ


ന്യൂഡൽഹി: ഇന്ത്യൻ വംശജനായ ശംഖ് മിത്ര ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സി.ഇ.ഒ.യായി. അമേരിക്കൻ ആരോഗ്യരംഗത്തെ റിയൽ എസ്റ്റേറ്റ് കമ്പനിയായ വെൽടവർ ന്റെ സി.ഇ.ഒ.യായ ശംഖ് മിത്രയ്ക്ക് 2025ൽ ലഭിച്ച പ്രതിഫല പാക്കേജ് 821 ദശലക്ഷം ഡോളർ (ഏകദേശം 7,744 കോടി രൂപ) ആണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ടെസ്ല മേധാവി ഇലോൺ മസ്‌കിന്റെ പ്രതിഫലത്തിന് പിന്നിലായാണ് ശംഖ് മിത്രയുടെ സ്ഥാനം. 2025ൽ 100 മില്യൺ ഡോളറിലധികം പ്രതിഫലം നേടിയ സി.ഇ.ഒ.മാരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കൊൽക്കത്ത സ്വദേശിയായ ശംഖ് മിത്ര ജാദവ്പുർ സർവകലാശാലയിൽ നിന്ന് ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം കൊളംബിയ ബിസിനസ് സ്‌കൂളിൽ നിന്ന് എം.ബി.എ. പൂർത്തിയാക്കി. പിന്നീട് സിറ്റാഡൽ എൽ.എൽ.സി., മില്ലേനിയം മാനേജ്‌മെന്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിക്ഷേപ രംഗത്ത് പ്രവർത്തിച്ചു.

2016ൽ വെൽടവറിൽ ചേർന്ന ശംഖ് മിത്ര 2018ൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായും 2020ൽ സി.ഇ.ഒ.യായും ചുമതലയേറ്റു.

ശംഖ് മിത്രയുടെ പ്രതിഫലത്തിന്റെ ഭൂരിഭാഗവും ശമ്പളമല്ല, കമ്പനി ഓഹരികളാണ്. കഴിഞ്ഞ ഒക്ടോബറിൽ അനുവദിച്ച ഓഹരി അവാർഡിന്റെ മൂല്യം മാത്രം 789 ദശലക്ഷം ഡോളറാണ്. കമ്പനിയുടെ ഓഹരി വില ഉയർന്നതോടെ ഇതിന്റെ മൂല്യം പിന്നീട് ഒരു ബില്യൺ ഡോളറിലധികമായി.

എന്നാൽ ഈ ഓഹരികൾ ഉടൻ കൈവശമാകില്ല. 2031 വരെ കമ്പനിയിൽ തുടരുകയും നിശ്ചിത പ്രകടന ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്താൽ മാത്രമേ ഭൂരിഭാഗം ഓഹരികളും ലഭിക്കൂ. കമ്പനിയുടെ വിപണി മൂല്യം 45 ശതമാനം വർധിപ്പിക്കുക, പ്രധാന ഓഹരി സൂചികകളെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കുക തുടങ്ങിയ വ്യവസ്ഥകളും ഇതോടൊപ്പമുണ്ട്.

അതേസമയം, ഇന്ത്യൻ വംശജനായ മറ്റൊരു പ്രമുഖ വ്യവസായിയായ നികേഷ് അറോറയും ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സി.ഇ.ഒ.മാരുടെ പട്ടികയിൽ ഇടംപിടിച്ചു. പാലോ ആൾട്ടോ നെറ്റ്‌വർക്ക്‌സിന്റെ സി.ഇ.ഒ.യായ അദ്ദേഹത്തിന് 100 മില്യൺ ഡോളർ പ്രതിഫല പാക്കേജാണ് ലഭിച്ചത്.