ന്യൂഡൽഹി: ഇന്ത്യയുടെ വടക്കൻ അതിർത്തിക്ക് സമീപമുള്ള വ്യോമതാവളങ്ങളിൽ അത്യാധുനിക ജെ20 സ്‌റ്റെൽത്ത് യുദ്ധവിമാനങ്ങൾ ചൈന വിന്യസിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ജൂൺ അവസാനത്തോടെയും ജൂലൈ ആദ്യത്തോടെയും പകർത്തിയ ചിത്രങ്ങളിൽ ആകെ 12 ജെ20 വിമാനങ്ങളാണ് രണ്ട് വ്യോമതാവളങ്ങളിലായി കണ്ടെത്തിയത്.
വാന്റോർ (Vator) പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ഷിൻജിയാങിലെ ഹോട്ടാൻ വ്യോമതാവളത്തിൽ എട്ട് ജെ20 വിമാനങ്ങളും ടിബറ്റിലെ ഡാംഷുങ് വ്യോമതാവളത്തിൽ നാല് വിമാനങ്ങളുമാണ് വിന്യസിച്ചിരിക്കുന്നത്. ഹോട്ടാൻ ലഡാക്കിലെ ലേയിൽ നിന്ന് ഏകദേശം 400 കലോമീറ്ററും, ഡാംഷുങ് അരുണാചൽ പ്രദേശിലെ തവാങ്ങിൽ നിന്ന് ഏകദേശം 344 കലോമീറ്ററും അകലെയാണ്.
അഞ്ചാം തലമുറയിലെ സ്‌റ്റെൽത്ത് യുദ്ധവിമാനമായ ജെ20 ദീർഘദൂര ആക്രമണത്തിനും വ്യോമമേധാവിത്വം ഉറപ്പാക്കുന്നതിനുമായി രൂപകൽപന ചെയ്തതാണ്. ഉയർന്ന പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിൽ നിന്ന് ഇത്തരം വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ചൈനയുടെ ശേഷി വർധിച്ചതിന്റെ സൂചനയാണ് പുതിയ ചിത്രങ്ങൾ നൽകുന്നത്.
3,488 കലോമീറ്റർ നീളമുള്ള ഇന്ത്യചൈന അതിർത്തിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന സൈനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യയും ലഡാക്ക്, അരുണാചൽ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലെ വ്യോമതാവളങ്ങൾ നവീകരിക്കുകയും അത്യാധുനിക യുദ്ധവിമാനങ്ങളും റഡാർ സംവിധാനങ്ങളും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മുൻകാലത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, അതിർത്തി മേഖലകളിലെ സൈനിക സജ്ജീകരണത്തിൽ ഇരുരാജ്യങ്ങളും ജാഗ്രത തുടരുകയാണ്. ചൈനയുടെ പുതിയ നീക്കം അതിർത്തിയിലെ വ്യോമസുരക്ഷാ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതായാണ് പ്രതരോധ വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, അതിർത്തിയിലെ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ വ്യോമസേന പൂർണ സജ്ജമാണെന്നും, അത്യാധുനിക റഡാർ, സുരക്ഷിത ആശയവിനിമയ സംവിധാനങ്ങൾ, സൈബർ പ്രതരോധ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് അതിർത്തിയിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
ഇന്ത്യൻ അതിർത്തിക്ക് സമീപം അത്യാധുനിക ജെ20 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന; ലഡാക്കിനും അരുണാചലിനും സമീപം നീക്കം
