ന്യൂഡൽഹി: വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരായ കേസുകൾ ഉടൻ പിൻവലിക്കാത്ത പക്ഷം വീണ്ടും സമരം ആരംഭിക്കുമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) മുന്നറിയിപ്പ് നൽകി. ദേശീയ വക്താവ് അശതോഷ് റാങ്കയാണ് സർക്കാരിനെതിരെ കരാർ ലംഘനാരോപണം ഉന്നയിച്ചത്.
ബിഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തതായും ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സമരത്തിന് പിന്തുണ നൽകിയവരെ പൊലീസ് നിരീക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്നും റാങ്ക ആരോപിച്ചു. സമരവുമായി ബന്ധപ്പെട്ട് സർക്കാരും സിജെപിയും തമ്മിലുണ്ടായ ധാരണയുടെ ലംഘനമാണിതെന്നും അദ്ദേഹം എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും ഉടൻ പിൻവലിക്കണം. അറസ്റ്റിലായ വിദ്യാർഥികളെ മോചിപ്പിക്കണം. ഡൽഹി പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസും ഭാവിയിൽ സമരവുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന ധാരണയും പാലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. ഇത് നടപ്പാക്കിയില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങേണ്ടിവരുമെന്നും റാങ്ക മുന്നറിയിപ്പ് നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് സർക്കാരുമായി മൂന്ന് ഘട്ട ചർച്ചകൾ നടത്തിയ ശേഷമാണ് ശനിയാഴ്ച സിജെപി സമരം അവസാനിപ്പിച്ചത്. സമരക്കാരെതിരായ കേസുകൾ പിൻവലിക്കൽ, ബാധിത കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നൽകൽ എന്നിവ സർക്കാർ അംഗീകരിച്ചതായും പരീക്ഷാ പരിഷ്‌കാരവുമായി ബന്ധപ്പെട്ട അഞ്ച് നിർദേശങ്ങൾ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്നും സർക്കാർ ഉറപ്പുനൽകിയതായും സിജെപി അറിയിച്ചു.
കരാർ ലംഘിക്കുന്നുവെന്ന് സിജെപി; കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും സമരമെന്ന് മുന്നറിയിപ്പ്
