നീറ്റ് പേപ്പർ ചോർച്ച കേസ്: അഭിഭാഷകര്‍ ഹാജരായില്ല, ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റി

നീറ്റ് പേപ്പർ ചോർച്ച കേസ്: അഭിഭാഷകര്‍ ഹാജരായില്ല, ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റി


ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ പരിഗണിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് മാറ്റിവെച്ചു. സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് നടപടികൾ മാറ്റി വെക്കേണ്ടി വന്നത്. ഡൽഹി റൗസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിച്ചിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കേണ്ടി വന്നതിൽ പ്രത്യേക ജഡ്ജ് ജസ്റ്റിസ് അനു ഗ്രോവർ ബലിഗ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിലെ 13 പ്രതികളിൽ ഉൾപ്പെട്ട 2 പേരുടെ ജാമ്യാപേക്ഷയായിരുന്നു ആദ്യദിനം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. എന്നാൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും അഭിഭാഷകൻ എത്താത്തതിനെ തുടർന്ന് ഹിയറിങ് ഓഗസ്റ്റ് 3-ലേക്ക് മാറ്റുകയായിരുന്നു. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്. രാജ്യത്തുടനീളമുള്ള മത്സര പരീക്ഷകളുടെ സത്യസന്ധത നിലനിർത്തുന്നതിനും ചോദ്യപേപ്പർ ചോർച്ച കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനുമായിയാണ് കേന്ദ്രസർക്കാർ പ്രത്യേക കോടതികൾ സ്ഥാപിച്ചത്.

2024-ലെ പബ്ലിക് എക്സാമിനേഷൻ ആക്ടിന് കീഴിൽ വരുന്ന മുഴുവൻ കുറ്റങ്ങളും ഈ ഫാസ്റ്റ് ട്രാക്ക് കോടതിയായിരിക്കും ഇനി പരിഗണിക്കുക. ജസ്റ്റിസ് അനു ഗ്രോവർ ബലിഗ പ്രത്യേക ജഡ്ജിയായുള്ള ഈ കോടതിയിലൂടെ ചോദ്യപ്പേപ്പർ ചോർച്ച കേസുകളിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ സിറ്റിങ് തന്നെ തടസ്സപ്പെട്ടത് തിരിച്ചടിയായെങ്കിലും ഓഗസ്റ്റ് 3-ന് വീണ്ടും കേസ് പരിഗണിക്കും.