പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, അമിതാധികാര വിനിയോ​ഗത്തിൽ ചീഫ് ജസ്റ്റിസിൻ്റെ താക്കീത്

പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, അമിതാധികാര വിനിയോ​ഗത്തിൽ ചീഫ് ജസ്റ്റിസിൻ്റെ താക്കീത്


ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസിന്റെ പെല്ലറ്റ് ​ഗൺ പ്രയോ​ഗത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായും നിയമപരവുമായ പ്രതിഷേധങ്ങള്‍ നടത്താനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കണമെന്നും പ്രകടനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തുടനീളം ഏകീകൃത പൊലീസ് പ്രോട്ടോക്കോള്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 

പൊലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന സിജെപിയുടെ അടക്കം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ താക്കീത്. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രക്ഷോഭം സമാധാനപരമായിരിക്കുന്നിടത്തോളം കാലം അവിടെ പ്രക്ഷോഭം നടക്കുന്നു എന്ന കാരണത്താല്‍ അമിത ബലപ്രയോഗം നടത്താനാവില്ല. അമിത ബലപ്രയോഗം നടന്നിട്ടുണ്ടെങ്കില്‍ അത് സ്വതന്ത്രമായി പരിശോധിക്കണം. ഇത് ഡല്‍ഹിയുടെ മാത്രം കാര്യമല്ല. പ്രോട്ടോക്കോളില്‍ ഏകീകൃതത്വം ആവശ്യമാണ്. പ്രക്ഷോഭം നടന്നു എന്നതുകൊണ്ട് ലാത്തിച്ചാര്‍ജ്ജ് വേണമെന്ന് അര്‍ത്ഥമില്ല. ജനാധിപത്യ പ്രക്രിയയില്‍ അച്ചടക്കം അവിഭാജ്യഘടകമാണ്. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, അത് പൊലീസുകാര്‍ക്കായാലും വിദ്യാര്‍ത്ഥികള്‍ക്കായാലും, ഒരുപോലെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച, സീനിയര്‍ അഡ്വക്കേറ്റ് ഗോപാല്‍ ശങ്കരനാരായണന്‍, ചീഫ് ജസ്റ്റിസ് കാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഈ വിഷയം പരാമര്‍ശിച്ചിരുന്നു. നിലവിലുള്ള പ്രതിഷേധങ്ങളും പൊലീസ് അമിത ബലപ്രയോഗം നടത്തിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടി വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയിരുന്നു. ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ബലപ്രയോഗം നടത്തിയത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കാന്‍ ജൂലൈ 22ന് ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് കോടതിക്ക് മുന്നില്‍ ലിസ്റ്റ് ചെയ്ത ഹര്‍ജി ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പിന്നീട് വ്യക്തമാക്കിയത്.

വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സിആർപിഎഫ് കണ്ടെത്തി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നാണ് സിആർപിഎഫിന്റെ ആഭ്യന്തര റിപ്പോർട്ട്.