സിയാറ്റില്‍ ഭക്ഷ്യമേളയില്‍ വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്

സിയാറ്റില്‍ ഭക്ഷ്യമേളയില്‍ വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്


സിയാറ്റില്‍: 'ബൈറ്റ് ഓഫ് സിയാറ്റില്‍' ഭക്ഷ്യമേളയ്ക്കിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിയാറ്റില്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനെ ഉദ്ധരിച്ച് സിയാറ്റില്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പ്രദേശം ഒഴിവാക്കണമെന്ന് അധികൃതര്‍ എക്സിലൂടെ പുറത്തിറക്കിയ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു. 'കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ദയവായി ഈ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കുക,' അധികൃതര്‍ അറിയിച്ചു.

സിയാറ്റില്‍ സെന്ററില്‍ നടന്നുകൊണ്ടിരുന്ന വാര്‍ഷിക ഭക്ഷ്യമേളയ്ക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. നൂറുകണക്കിന് പ്രാദേശിക ഭക്ഷ്യവ്യാപാരികളും ആയിരക്കണക്കിന് സന്ദര്‍ശകരും മേളയില്‍ പങ്കെടുത്തിരുന്നു. സംഗീതപരിപാടികളും നടന്നുകൊണ്ടിരിക്കുകയായിരുന്നു.

സി എന്‍ എന്‍ അനുബന്ധ ചാനലായ കോമോ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സംഭവസമയത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ 'ഏഴ് മുതല്‍ എട്ട് വരെ വെടിയൊച്ചകള്‍' കേട്ടതായി പറഞ്ഞു.

വൈകിട്ട് ആറുമണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ഭക്ഷ്യമേളയില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്ന സമയത്തായിരുന്നു സംഭവം. സംഭവസ്ഥലത്തുവെച്ച് രണ്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ കുറഞ്ഞത് അഞ്ച് പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കി.

സംഭവത്തെ 'പരിഭ്രാന്തിയും അരാജകത്വവും നിറഞ്ഞ സാഹചര്യം' എന്നാണ് സിയാറ്റില്‍ ടൈംസ് വിശേഷിപ്പിച്ചത്. കുട്ടികളെ സ്ട്രോളറുകളില്‍ നിന്ന് എടുത്ത് ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതും പ്രധാന കവാടങ്ങളിലേക്ക് കൂട്ടത്തോടെ രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സമീപത്തെ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ ശക്തമായ പൊലീസ് സാന്നിധ്യത്തെ തുടര്‍ന്ന് ആശുപത്രി താത്ക്കാലിക ലോക്ക്ഡൗണിലാക്കിയതായി ആശുപത്രി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ അറിയിച്ചു. സംഭവത്തെ 'വന്‍തോതിലുള്ള ആളപായം ഉണ്ടായ ദുരന്തം' എന്ന നിലയിലാണ് ആശുപത്രി വിശേഷിപ്പിച്ചത്.

വെടിവെപ്പിന്റെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.